സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
1495894
Thursday, January 16, 2025 11:44 PM IST
മട്ടന്നൂർ: പത്തൊമ്പതാംമൈലിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പത്തൊമ്പതാംമൈലിലെ പന്നിയോടൻ വീട്ടിൽ പി. ദീഷ്മ (38) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ സീൽ ഇന്റർനാഷണൽ സ്കൂളിന് സമീപത്തായിരുന്നു അപകടം. ഇരിട്ടിയിൽനിന്നു തലശേരിയിലേക്ക് പോകുകയായിരുന്ന ജ്യോതിർമയി ബസാണ് ദീഷ്മയെ ഇടിച്ചത്.
റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്നു രക്തം റോഡിലേക്ക് വാർന്നൊഴുകി. ആംബുലൻസിൽ ദീഷ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്നു മട്ടന്നൂർ-ഇരിട്ടി റോഡിൽ അല്പനേരം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരിൽനിന്ന് പോലീസ് എത്തി അപകടത്തിൽപ്പെട്ട ബസ് റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ചാവശേരി സർവീസ് സഹകരണ ബാങ്ക് ഉളിയിൽ ബ്രാഞ്ച് മാനേജർ എം. കമലാക്ഷന്റെ ഭാര്യയാണ്. മകൾ: അളകനന്ദ. കൊടോളിപ്രത്തെ സി.വി. മാധവൻ നമ്പ്യാർ-പങ്കജാക്ഷിദന്പതികളുടെ മകളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കും.