മലയാളി കേണല്‍ സുമേഷ്കുമാറിന് കമന്റേഷന്‍ കാര്‍ഡ് അംഗീകാരം
1495596
Thursday, January 16, 2025 1:18 AM IST
പയ്യന്നൂര്‍: മികച്ച സൈനിക സേവനത്തിനുള്ള കമന്റേഷന്‍ കാര്‍ഡ് അംഗീകാരം പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പി. സുമേഷ്കുമാറിന്. മണിപ്പൂരിലെ രാജ്യവിരുദ്ധ ശക്തികളെ അമര്‍ച്ച ചെയ്യാനുള്ള സൈനിക ഇടപെടലുകള്‍ക്ക് മികച്ച നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ഈ അംഗീകാരം.
പിറന്ന മണ്ണിനെ കണ്ണിലെ കൃഷ്ണമണിപോലെ ശത്രുക്കളില്‍നിന്നും കാത്തുസൂക്ഷിക്കുന്ന ജവാന്മാരെ ഓര്‍മിക്കുന്നതിനായി നടത്തുന്ന കരസേനാ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ അംഗീകാരമെത്തിയത്. ജനറല്‍ ഓഫീസര്‍ കമാൻഡിംഗ്-ഇന്‍- ചീഫ് ഈസ്റ്റേണ്‍ കമാൻഡറാണ് ബീഹാര്‍ റെജിമെന്റിലെ അംഗമായ സുമേഷ് കുമാറിന് പുരസ്കാരം സമ്മാനിച്ചത്.
പതിനെട്ടാം വയസില്‍ രാജ്യസേവനത്തിനായി സ്വയം സമര്‍പ്പിച്ച സുമേഷ് കുമാര്‍ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് 26 വര്‍ഷങ്ങളിലായി പടിപടിയായി ഉയര്‍ന്ന് കേണല്‍ പദവിയിലെത്തിയത്.
കോഴിക്കോട് നാനൂറോളം പേര് പങ്കെടുത്ത പരീക്ഷയും അഭിമുഖവും കടന്നെത്തിയ സുമേഷ് കുമാറിന്റെ സൈനിക പരിശീലനം ഡെറാഡൂണിലായിരുന്നു. പിന്നീട് ജമ്മു, ആൻഡമാന്‍, അരുണാചല്‍, കാര്‍ഗില്‍ തുടങ്ങിയ സ്ഥലങ്ങളിലെ സേവനത്തിനു ശേഷമാണ് ഇദ്ദേഹം ബീഹാറിലെത്തിയത്.
പരിശീലനത്തിന് ശേഷം നടന്ന പാസിംഗ് ഔട്ട് പരേഡ് വീക്ഷിക്കാനായി ഭര്‍ത്താവ് കൃഷ്ണന് നായരോടൊപ്പം ഡെറാഡൂണില്‍ പോയത് ഇപ്പോഴും ഒളിമങ്ങാതെ അമ്മ യശോദയുടെ മനസിലിപ്പോഴുമുണ്ട്. പത്തുവര്‍ഷം മുമ്പ് അച്ഛൻ മരിച്ചു. അവധിക്ക് വരുമ്പോള്‍ മകന് അമ്മയോടൊപ്പം താമസിക്കാനായി മാത്തില്‍ കുറുവേലിയിലെ വീട്ടിലെത്തും.
മകനു കിട്ടിയ അംഗീകാരത്തില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമ്മ പെരിങ്ങേത്ത് യശോദ ദീപികയോട് പറഞ്ഞു. ആസാം സെന്‍ട്രല്‍ സ്കൂളില്‍ അധ്യാപികയായ ശിവരഞ്ജിനിയാണ് ഭാര്യ. മകന്: സമര്‍ഥ്. സഹോദരങ്ങള്‍: സുനീഷ് കുമാര്‍,സിന്ദു, സന്ധ്യ.