അഗ്രിഫെസ്റ്റ് -25 ഉദ്ഘാടനം ചെയ്തു
1495612
Thursday, January 16, 2025 1:18 AM IST
ആലക്കോട്: ഇരിക്കൂർ മണ്ഡലം കർഷക സംഗമം ‘അഗ്രിഫെസ്റ്റ് -25' സണ്ണി ജോസഫ് എംഎഎ ഉദ്ഘാടനം ചെയ്തു. സുഗന്ധവിള കൃഷി, വിളപരിപാലന തന്ത്രങ്ങൾ, വിപണന കയറ്റുമതി സാധ്യതകൾ, കശുമാവ് കൃഷി വികസന സാധ്യതകൾ, ജൈവ കൃഷി, കിഴങ്ങു വർഗവിളകൾ, പോഷക പുരയിട വികസന സാധ്യതകൾ, വാണിജ്യ വാഴ കൃഷിയും ഗുണമേന്മയും, ഉത്പന്ന വൈവിധ്യവത്കരണം, റബർ കൃഷി ഉത്പാദനവും സംഭരണവും വിതരണവും, ഉത്പാദന കമ്പനികൾ, കൂട്ടായ്മകൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സെമിനാർ സെക്ഷനുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി നിർവഹിച്ചു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശ്രീധരൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാമണി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഫെസ്റ്റ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം നാലിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
കർഷകറാലി ഇന്ന്
ആലക്കോട്: ഇരിക്കൂർ മണ്ഡലം കർഷക സംഗമത്തിന്റെ ഭാഗമായുള്ള കർഷക റാലി ഇന്ന് നടക്കും. ആലക്കോട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന കർഷക റാലിയിൽ ഒൻപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കാർഷിക സംസ്കൃതി വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളുടെ മത്സരവുമു ണ്ടായിരിക്കും. വിജയികളാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപയുടെ സമ്മാനം നൽകും.
രാവിലെ ഒൻപതിന് കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കർഷക അദാലത്ത് നടക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് കർഷകരുടെ വിവിധ വിഷയങ്ങ ളിലുള്ള പരാതികൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.
ഉച്ചയ്ക്ക് 11 ന് കൃഷി മന്ത്രി പി. പ്രസാദിനു മുൻപാകെ അഗ്രിഫെസ്റ്റിനു മുന്നോടിയായി വിദഗ്ധ സംഘം നടത്തിയ കൃഷിയിട സന്ദർശനത്തിന്റെ പഠന റിപ്പോർട്ട് അവതരിപ്പിക്കുകയും മന്ത്രിക്ക് കൈമാറുകയും ചെയ്യും. കർഷകരും മന്ത്രിയുമായുള്ള സംവാദ പരിപാടിയും നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എംപി അധ്യക്ഷത വഹിക്കും. മികച്ച കർഷകരെ ആദരിക്കും. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയാക്കും. തെരഞ്ഞെടുത്ത മാതൃക കർഷകരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് സാംസ്കാരിക സന്ധ്യയും അരങ്ങേറും.