സ്പോർട്സ് ഹോസ്റ്റലുകളിലെ മെസ് അലവൻസ് ലഭിച്ചിട്ട് ഏഴു മാസം
1495606
Thursday, January 16, 2025 1:18 AM IST
കണ്ണൂർ: ജില്ലയിലെ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിൽ താമസിക്കുന്ന കായികതാരങ്ങളുടെ മെസ് അലവൻസ് ലഭിച്ചിട്ട് ഏഴ് മാസം. ഈ അധ്യയന വർഷം തുടങ്ങിയത് മുതലുള്ള അലവൻസാണ് ലഭിക്കാത്തത്. ഇതോടെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. കഴിഞ്ഞ വർഷത്തെ മൂന്ന് മാസത്തെ അലവൻസും കുടിശികയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെസ് അലവൻസ് മുടങ്ങുന്നത് പതിവാണ്. കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് അതിന് മുമ്പുള്ള എട്ടുമാസത്തോളം കുടിശികയായ മെസ് അലവൻസ് വിദ്യാർഥികൾക്ക് നൽകിയത്. ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല.
ഒരു കായിക താരത്തിന് ഒരു ദിവസം 250 രൂപ വീതമാണ് ലഭിക്കുന്നത്. ഇത് മാസത്തിലാണ് ലഭിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ സ്പോർട്സ് കൗൺസിലിന് മതിയായ ഗ്രാൻഡ് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. സ്പോർട്സ് കൗൺസിൽ മുഖേനയാണ് അലവൻസുകൾ നൽകുന്നത്.
അലവൻസ് ലഭിക്കാത്തതിനാൽ കടം പറഞ്ഞു സാധനങ്ങൾ വാങ്ങിയാണു ഭൂരിപക്ഷം ഹോസ്റ്റലുകളിലും ഭക്ഷണം നൽകുന്നത്. കൂടാതെ അധ്യാപകരും മാനേജ്മെന്റും പിടിഎയും ചേർന്ന് തുക കണ്ടെത്താനും ശ്രമിക്കുന്നു. എന്നാൽ ഇത് പതിവാകുന്നത് ഇവരെയും പ്രതിസന്ധിയിലാക്കുകയാണ്.
ജില്ലയിൽ പഴശിരാജ എൻഎസ്എസ് കോളജ് മട്ടന്നൂർ, കൃഷ്ണമോനോൻ സ്മാരക വനിതാ കോളജ്, പയ്യന്നൂർ കോളജ്, എസ്എൻ കോളജ് എന്നിവിടങ്ങളിലായി നാലു സ്പോർട്സ് ഹോസ്റ്റലുകളാണുള്ളത്.അധ്യയന വർഷം തുടക്കത്തിൽ തന്നെ അലവൻസ് കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതി വിദ്യാർഥികൾ ഉന്നയിച്ചിരുന്നു.
അലവൻസ് ലഭിക്കാത്തതിനെ തുടർന്ന് കായിക താരങ്ങൾ കഴിഞ്ഞ നവംബർ മാസം രാപ്പകൽ സമരം നടത്താൻ ഒരുങ്ങിയിരുന്നു. എന്നാൽ പത്തു ദിവസത്തിനകം വിതരണം ചെയ്യാമെന്ന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ, അത് വെറും പാഴ്വാക്കായി മാറി.
വാഷിംഗ് അലവൻസും ലഭിക്കുന്നില്ല
കായികതാരങ്ങൾക്ക് മുമ്പൊക്ക വസ്ത്രം അലക്കുന്നതിന് വാഷിംഗ് അലവൻസ് നൽകിയിരുന്നു. 50 രൂപയാണ് അലവൻസായി നൽകിയത്. എന്നാൽ കുറച്ച് വർഷങ്ങളായി അതും പൂർണമായി നിലച്ചു. താരങ്ങൾക്കു വർഷം തോറും നൽകാറുള്ള ജഴ്സിയും ട്രാക്ക് സ്യൂട്ടും ഷൂസും അടങ്ങുന്ന കിറ്റും രണ്ടുവർഷമായി നൽകുന്നില്ല. കളിയുപകരണം, സ്പോർട്സ് കിറ്റ് എന്നിവയുടെ വിതരണത്തിലും കൗൺസിലിന്റെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടാവുന്നതായും ഇവർ ആരോപിച്ചു.