കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
1495600
Thursday, January 16, 2025 1:18 AM IST
കൂത്തുപറമ്പ്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് വേങ്ങേരി കാനാടിക്കൽ കടപ്പ മൻസിൽ പി.കെ. സക്കീർ ഹുസൈന്റെ മകൻ പി.കെ. ഫാദിൽ ഹുസൈനാണ് (31) മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെ കൂത്തുപറമ്പ് ടൗണിൽ ആയിരുന്നു അപകടം. കൂത്തുപറമ്പ് വിന്റേജ് ബാറിലെ ഇലക്ട്രീഷ്യനാണ് ഫാദിൽ ഹുസൈൻ. കാറിൽ ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകരായ അക്കൗണ്ടന്റ് അനുദേവ്, അർജുൻ, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അനുദേവിനെ കണ്ണൂർ ചാലയിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൊക്കിലങ്ങാടി ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നു വരികയായിരുന്ന ലോറിയുംകൂട്ടി ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നിരുന്നു. നാട്ടുകാരും കൂത്തുപറമ്പ് പോലീസും ഫയർഫോഴ്സും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലത്തിച്ചത്.സംസ്കാരം നടത്തി. മാതാവ്: അഫ്സത്ത്. സഹോദരി: ഫിസ്മി.