കർണാടകയിൽ ആറു മാവോയിസ്റ്റുകൾ സർക്കാരിനു മുന്നിൽ കീഴടങ്ങിയേക്കും
1493621
Wednesday, January 8, 2025 8:13 AM IST
ഇരിട്ടി: കർണാടക വനത്തിൽ കഴിയുന്ന മാവോയിസ്റ്റുകളെ തോക്ക് താഴെ വയ്പിച്ച് മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ നടത്തി വന്ന ശ്രമം ഫലപ്രാപ്തിയിലേക്കെന്ന് റിപ്പോർട്ടുകൾ. സർക്കാരിന്റെ പുതിയ കീഴടങ്ങൽ നയപ്രകാരം ജയണ്ണ ഒഴികെയുള്ള ആറു പേർ ചിക്കമംഗ്ളുരു ജില്ലാ ഭരണകൂടത്തിനു മുന്നിലോ ബംഗളൂരുവിലെ കീഴടങ്ങിയേക്കുമെന്നാണ് വിവരം.
ഇപ്പോഴത്തെ കമാൻഡർ ലത, സുന്ദരി, വനജാക്ഷി വസന്ത, ജിഷ എന്നിവരടക്കം ആറു പേരാണ് കീഴടങ്ങുകയെന്നാണ് സൂചന. നേരത്തെ മാവോയിസ്റ്റ് സംഘടനയുമായി അടുപ്പമുള്ളവരും പിന്നീട് ബന്ധം ഉപേക്ഷിച്ച് മുഖ്യധാരയിൽ പ്രവർത്തിച്ചുവരുന്നവരുടെ കൂട്ടായ്മയായ സിവിക് ഫോറം ഫോർ പീസ് പ്രവർത്തകർ മുഖേന സർക്കാർ മാവോയിസ്റ്റുകളുമായി നടത്തിയ ചർച്ചയിലാണ് കീഴടങ്ങൽ സാധ്യതയ്ക്ക് വഴിയൊരുങ്ങിയത്.
സർക്കാരിൽ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കീഴടങ്ങുന്നതിന് പലരും സന്നദ്ധരായത്. കീഴടങ്ങൽ പാക്കേജ് ഉൾപ്പെടെ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും ആന്റി നക്സൽ സേനയുടെ ശക്തമായ പ്രവർത്തനങ്ങളും കാരണം മാവോയിസ്റ്റുകൾക്ക് മറ്റ് മേഖലകളിലേക്ക് കടക്കാനോ മറ്റു സംഘങ്ങളുമായി ബന്ധപ്പെടാനോ കഴിയുന്നില്ല. ഇതു കൂടി കീഴടങ്ങലിന് പ്രേരിപ്പിച്ച ഘടകമായാണ് വിലയിരുത്തൽ. ലത, സുന്ദരി, വനജാക്ഷി വസന്ത, ജിഷ എന്നിവർക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും കേസുകളുണ്ട്.
നേരത്തെ കേരള വനമേഖലയിലായിരുന്ന മാവോയിസ്റ്റ് സംഘം കേരളത്തിലെ തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള പോലീസ് ഇടപെടലിലാണ് കർണാടക വനത്തിലേക്ക് പിൻവലിഞ്ഞത്.
പ്രധാനമായും ചിക്കമംഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ, ഷിമോഗ ജില്ലകളിലായിരുന്നു ഇവരുടെ പ്രവർത്തനം. ഇതിനിടെയാണ് നേതാവ് വിക്രം ഗൗഡ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.