ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണു വിദ്യാർഥിനി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന്
1493617
Wednesday, January 8, 2025 8:13 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി എറണാകുളത്തെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച സംഭവത്തിൽ ദുരൂഹത പ്രകടിപ്പിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മെഡിക്കൽ വിദ്യാർഥിനി കെ. ഫാത്തിമത്ത് ഷഹാന (21 )യാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ചത്.
എറണാകുളം കുന്നുക്കര ചാലാക്ക് ശ്രീനാരായണ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 2023 ബാച്ച് മെഡിക്കൽ വിദ്യാർഥിനിയായ കെ.ഫാത്തിമത്ത് ഷഹാനയാണ് മരിച്ചത്. ഹോസ്റ്റലിലെ അഞ്ചാംനിലയിൽ താമസിക്കുന്ന ഷഹാന നാലിന് രാത്രി 11.30 ഓടെ ഏഴാം നിലയിൽനിന്ന് വീണുമരിച്ചെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.
ഫോൺ ചെയ്യുന്നതിനിടെ ഹെഡ്ഫോൺ താഴെ വീണപ്പോൾ എടുക്കാൻ ശ്രമിച്ചപ്പോൾ താഴേക്ക് വീഴെന്നും, കളിക്കുന്നതിനിടയിൽ താഴെ വീഴാൻ ശ്രമിച്ച നേരം കൈവിട്ട് താഴെ വീണെന്നും, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും തുടങ്ങിയ പരസ്പര വിരുദ്ധമായ മൊഴികളാണ് ഹോസ്റ്റൽ വിദ്വാർഥികൾ നെടുമ്പാശേരി പോലീസിന് നൽകിയതെന്നും ഇതിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുവായ സിദ്ദിഖ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.സൗദിയിൽ ജോലിചെയ്യുന്ന സി.പി. അബ്ദുൽ മജീദിന്റെയും സറീനയുടെയും മകളാണ്.