പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം: കോൺഗ്രസ്
1493619
Wednesday, January 8, 2025 8:13 AM IST
കണ്ണൂർ: പെരിയ ഇരട്ട കൊലപാതകക്കേസിൽ ശിക്ഷക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലി ലേക്ക് സ്വീകരിച്ചാനയിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് സണ്ണി ജോസഫ് എംഎൽഎയും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ആവശ്യപ്പെട്ടു.
കോടതി ശിക്ഷിക്കപ്പെട്ട പ്രതികളെ ഹർഷാര വത്തോടെ ജയിലിലേക്ക് ആനയിച്ച സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയും സമാധാന കാംക്ഷികളെ ഞെട്ടിക്കുന്നതുമാണെന്ന് ഡിസിസി യിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിന് സിപിഎം പ്രേരണയും പിന്തുണയും സഹായവും നല്കുന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് പി. ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിൽ അരങ്ങേറിയത്. കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികൾ ജയിൽ ശിക്ഷയെ അങ്ങേയറ്റം ഭയത്തോടെ തന്നെയാണ് കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പെരിയ കേസിൽ ശിക്ഷയെ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശിക്ഷിക്കപ്പെട്ട വിഷ്ണു സുര എന്ന എ. സുരേന്ദ്രൻ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ തൂക്കിലേറ്റണം എന്ന് കോടതിയോട് അഭ്യർഥിച്ചത്.
അതിന്റെ അർഥം തന്നെ ജയിൽ ശിക്ഷയെ പ്രതികൾ എങ്ങനെ കാണുന്നു എന്നതിന് വ്യക്തമായ തെളിവാണ്. ഇരിട്ടിയിലെ സിപിഎം പ്രവർത്തകൻ വിനീഷ് ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തതും ഈ മാനസികാവസ്ഥയുടെ ഭാഗമാണ്. എന്നാൽ അനുഭവങ്ങളിൽനിന്ന് സിപിഎം പാഠം പഠിക്കുന്നില്ല.
കൊടി സുനിയ്ക്ക് നിയമവിരുദ്ധമായി പരോള് അനുവദിക്കുകയും കൊലപാതക കേസിൽ പരോളിൽ ഇറങ്ങിയ പ്രതിയുടെ ഗൃഹപ്രവേശനചടങ്ങ് ഒരു പാർട്ടി പരിപാടിയാക്കി പി. ജയരാജനും എം.വി. ജയരാജനും പോയി നാട മുറിക്കു കയും ചെയ്തതൊക്കെ അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കലാണ്. നിയമവാഴ്ചയോട് കൂറും വിശ്വാസവുമുള്ള എല്ലാവരും സിപിഎമ്മിന്റെ ഈ നിലപാടിനെതിരേ പ്രതിഷേധിക്കണം. എൽഡിഎഫ് ഘടകകക്ഷികൾ, പ്രത്യേകിച്ച് സിപിഐ, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
വയനാട്ടിൽ ഡിസിസി ട്രഷറർ വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാട്. ഐ.സി. ബാലകൃഷ്ണൻ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്കിയിട്ടുണ്ട്. പുറത്തുവന്ന കത്തിനെക്കുറിച്ചടക്കമുള്ള കാര്യങ്ങൾ പാർട്ടിയും അന്വേഷിക്കും. അന്വേഷണത്തിന് ശേഷം പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം പറയും. മാടായി കോളജിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും അന്വേഷണം നടക്കുകയാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഡിസിസി പ്രസിഡന്റ് പറഞ്ഞു.