ഇരിട്ടിയിലെ വഴിവിളക്കുകൾ വീണ്ടും പ്രകാശിച്ചു തുടങ്ങി
1493613
Wednesday, January 8, 2025 8:13 AM IST
ഇരിട്ടി: വർഷങ്ങൾ നീണ്ട പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം ഇരിട്ടി ടൗണിലെ വഴിവിളക്കുകൾ പ്രകാശിച്ചുതുടങ്ങി. നഗരസഭ ഇരിട്ടിയിലെ വ്യാപാരസ്ഥാപനമായ എം.എസ്. ഗോൾഡുമായി സഹകരിച്ചാണ് നഗരത്തിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
75 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. വഴിവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. ആദ്യഘട്ടത്തിൽ ഇരിട്ടി പാലം മുതൽ പഴയ ബസ്സ്റ്റാൻഡ് വരെ 64 ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. തലശേരി വളവുപാറ കെഎസ്ടിപി റോഡ് നവീകരണ സമയത്ത് ഇരിട്ടിയിൽ ഉൾപ്പെടെ സ്ഥാപിച്ച സോളാർ ലൈറ്റുകൾ മൂന്ന് മാസത്തോടെ പ്രവർത്തന രഹിതമായിരുന്നു.
ഒരു ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ച സോളാർ വിളക്കുകൾ മാറ്റിസ്ഥാപിക്കന്നതിന് കെഎസ്ടിപിയും, പൊതുമരാമത്തും ശ്രമിക്കാതെവന്നതോടെയാണ് നഗരസഭ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. പൊതുമരാമത്തിന്റെ അനുമതി ലഭിച്ച ശേഷമാണ് നഗരസഭ പരിധിയിലെ വഴിവിളക്കുൾ ഘട്ടം ഘട്ടമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുന്നത്.
രണ്ടാം ഘട്ടത്തിൻ ഉളിയിൽ പാലവും കളറോട് പാലവും ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കൂടി വഴിവിളക്കുകൾ സ്ഥാപിക്കും. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എം എസ് ഗോൾഡ് ഉടമ കെ. മുഹമ്മദ്, ക്ലിൻസിറ്റി മാനേജർ കെ.വി. രാജീവൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. രവീന്ദ്രൻ, കെ. സുരേഷ്, കെ. സോയ, വ്യാപാരി നേതാക്കളായ അയ്യൂബ് പൊയിലൻ, റജി തോമസ്, ഒ. വിജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.