പാറക്കടവ്-വാതിൽമട: റോഡ് പണി മന്ദഗതിയിൽ; പ്രദേശവാസികൾ ദുരിതത്തിൽ
1493601
Wednesday, January 8, 2025 8:13 AM IST
പയ്യാവൂർ: എംപി ഫണ്ട് ചെലവഴിച്ച് നടത്തി വരുന്ന പാറക്കടവ്-വാതിൽമട റോഡ് പണി വളരെ മന്ദഗതിയിലായതിനാൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിൽ താമസിക്കുന്നവർ ഏറെ ദുരിതത്തിലായി. നിരന്തരം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ നിന്നുയരുന്ന പൊടിശല്യം പ്രദേശത്തെ കുട്ടികൾക്കും പ്രായമേറിയവർക്കും അസഹനീയമാണ്.
പലർക്കും അലർജി, ശ്വാസതടസം, ചുമ തുടങ്ങിയ അസുഖങ്ങൾക്കും ഇതു കാരണമാകുന്നുണ്ട്. ഒന്നര വർഷം മുമ്പ് തുടങ്ങിയ റോഡുപണി ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമാണ് ഇഴഞ്ഞു നീങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. എത്രയും വേഗത്തിൽ പണി പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാൻ അധികൃതർ ഉടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം പയ്യാവൂർ പൊന്നുംപറമ്പ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ബാലകൃഷ്ണൻ ചീഴുയിക്കുന്നേൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോൺ പൗവത്തേൽ, ജോസ് ചിറപ്പുറത്ത്, ഇ.വി. ഗോപാലൻ, മോളി ജോൺ എന്നിവർ പ്രസംഗിച്ചു.