പോലീസ് കുറ്റവാളികളെ സംരക്ഷിക്കുന്നതായി ആരോപണം
1493607
Wednesday, January 8, 2025 8:13 AM IST
കേളകം: വീടിന് നേരെ സമീപവാസികളുടെ നിരന്തരമായ അക്രമമുണ്ടായ സംഭവങ്ങളിൽ പരാതി നൽകിയിട്ടും കേളകം പോലീസ് കേസെടുക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്നതായി കൊട്ടിയൂർ വെങ്ങലോടിയിലെ കുട്ടത്ത് പറമ്പിൽ അശ്വതി സജി, പിതാവ് മുരളി തുടങ്ങിയവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. നാല് വർഷമായി തനിക്കും കുടുംബത്തിനുമെതിരെ നിരന്തരമായ അക്രമണങ്ങളുണ്ടായിട്ടും പോലീസ് തങ്ങളുടെ പരാതി ഗൗനിക്കാറില്ല.
സമീപവാസികളുടെ അക്രമണ പരമ്പരകൾ മൂലം തനിക്കും മക്കൾക്കും സ്വൈര്യമായി ജീവിക്കാനാവാത്ത അവസ്ഥയിൽ ആത്മഹത്യയുടെ വക്കിലാണെന്നും രണ്ട് മക്കളുടെ മാതാവായ അശ്വതി പറഞ്ഞു. കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ ,വനിതാ കമ്മീഷൻ, മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി തുടങ്ങിയ സ്ഥലങ്ങളിൽ പരാതി നൽകുമെന്നും അയൽവാസികളായ കുഴപ്പക്കാർക്കെതിരെയും ഇവരെ സംരക്ഷിക്കുന്ന കേളകം പോലീസിനെതിരെയും കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും പറഞ്ഞു.