മുറിച്ചുമാറ്റുന്ന മരം വീണ്ടും അപകട ഭീഷണിയാകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം: താലൂക്ക് സഭ
1492872
Monday, January 6, 2025 1:02 AM IST
ഇരിട്ടി: റോഡിൽ അപകട ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റി റോഡിൽ തന്നെ സൂക്ഷിക്കുന്നത് വീണ്ടും അപകടത്തിന് കാരണമാകുന്നുവെന്ന് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇരിട്ടി താലൂക്ക് സഭയിൽ ഉന്നയിച്ചു. റോഡരികിൽ വളവിലും മറ്റുമായി കൂട്ടിയിട്ടിരിക്കുന്ന മരങ്ങൾ രാത്രി കാലങ്ങളിൽ വലിയ അപകടങ്ങൾക്കു കാരണമാകുമെന്നും ജനപ്രതിനിധികൾ എന്നനിലയിൽ ഈ വിഷയത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന കടുത്ത എതിർപ്പുകൾ തങ്ങൾ നേരിടേണ്ടി വരുന്നതായും പ്രസിഡന്റ് അറിയിച്ചു.
മുറിച്ചുമാറ്റിയ മരങ്ങൾക്ക് സോഷ്യൽ ഫോറസ്റ്ററി വിഭാഗം ഉയർന്ന വില നിശ്ചയിക്കുന്നത് കാരണം പലപ്പോഴും മരങ്ങൾ ലേലം ചെയ്യാൻ കഴിയാതെ പോകുന്നു. മരങ്ങൾ മാറ്റിയിടാൻ മറ്റ് സ്ഥലങ്ങൾ ലഭിക്കാത്തതും പ്രശ്നത്തിന് കാരണമാണെന്ന് പൊതുമരാമത്ത് അധികൃതർ മറുപടി നൽകി. ഗവ. നിശ്ചയിച്ച വിലയാണ് ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചു നൽകുന്നത് എന്നായിരുന്നു സോഷ്യൽ ഫോറസ്റ്ററി അധികൃതരുടെ മറുപടി.
അതാതു ഡിപ്പാർട്മെന്റുകൾക്ക് ഇത്തരം വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിയുന്ന പുതിയ ഓഡർ രണ്ടാഴ്ച മുന്പ് ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം സഭയെ അറിയിച്ചു. ഓഡർ പഠിച്ചശേഷം അടിയന്തരമായി നടപ്പിലാക്കാൻ അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ നിർദേശം നൽകി.
ജൽജീവൻ മിഷന്റെ പ്രവൃത്തികൾ പൂർത്തിയാകാത്തത് റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നുവെന്നും പൊളിച്ച റോഡുകൾ പുനർനിർമിക്കാൻ വൈകുന്നതും സഭയിൽ ചർച്ചയായി. മുഴുവൻ ഉപഭോക്താക്കൾക്കും കണക്ഷൻ നൽകാൻ വൈകുന്നതും ജനങ്ങളുടെ അതൃപ്തിക്ക് കരണമാകുന്നുണ്ടെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അറിയിച്ചു. റോഡുകൾ പുനർനിർമിക്കാൻ വൈകിയതോടെ ജനങ്ങൾ പലസ്ഥലങ്ങളിലും വാട്ടർ അഥോറിറ്റിയുടെ പ്രവൃത്തി തടസപ്പെടുത്തിയിട്ടുണ്ടെന്നും അംഗങ്ങൾ സഭയെ അറിയിച്ചു.
ചില സ്ഥലങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും മിക്ക പഞ്ചായത്തുകളിലും ജൽജീവൻ മിഷന്റെ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും റോഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും മൂന്ന് ഘട്ടങ്ങളായാണ് ഗാർഹിക കണക്ഷൻ പൂർത്തിയാക്കുന്നതെന്നും വാട്ടർ അഥോറിറ്റി അധികൃതർ സഭയെ അറിയിച്ച.
പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം സഭയിൽ ചർച്ചയായി. യോഗ്യതയുള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ ഉടൻ നിയമനം ലഭിക്കുമെന്ന് എംഎൽഎ സഭയെ അറിയിച്ചു.