ഹെറിറ്റേജ് റൺ: വാഷേ തെബേജെ കിനാറ്റോയും റീബ അന്നയും ജേതാക്കൾ
1492875
Monday, January 6, 2025 1:02 AM IST
തലശേരി: പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഡിടിപിസിക്ക് കീഴിലെ തലശേരി ഡെസ്റ്റിനേഷൻ മാനേജ്മന്റ് കൗൺസിൽ സംഘടിപ്പിച്ച ഹെറിറ്റേജ് റൺ സീസൺ നാലിൽ പുരുഷ വിഭാഗത്തിൽ എത്യോപ്യയിൽ നിന്നുള്ള വാഷേ തെബേജെ കിനാറ്റോയും വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള റീബ അന്നയും ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ മഹാരാഷ്ട്ര സ്വദേശി രാമേശ്വർ വിജയ് മുൻജ, രാജസ്ഥാൻ സ്വദേശി രാകേഷ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ വനിതകളിൽ കേരളത്തിൽ നിന്നുള്ള ടി.പി. ആശ രണ്ടാം സ്ഥാനവും ഉത്തരാഖണ്ഡിൽ നിന്നുള്ള അങ്കിത ഭട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തലശേരി വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ ജേതാക്കൾക്കുള്ള മെഡലും കാഷ് അവാർഡും വിതരണം ചെയ്തു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ഇരു വിഭാഗങ്ങളിലുമായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ വീതം കാഷ് അവാർഡ് നൽകി. എല്ലാ സ്പോട്ടുകളും ഫിനിഷ് ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി കോഴിക്കോട് സ്വദേശി വാസുവും (78 വയസ്) ഏറ്റവും പ്രായം കുറഞ്ഞയാൾ തലശേരിയിലെ പത്തുവയസുകാരൻ മെഹത് ബീരാനുമാണ്. ഭിന്നശേഷി വിഭാഗത്തിൽ ഷാജിയും മുഴുവൻ സ്പോട്ടുകളും ഓടി പൂർത്തിയാക്കി. എത്യോപ്യ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 1200 ഓളം കായികതാരങ്ങൾ ഹെറിറ്റേജ് റണ്ണിൽ പങ്കാളികളായി.
എംഎൽഎമാരായ കെ.വി. സുമേഷ്, സജീവ് ജോസഫ് തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി, സംഘാടക സമിതി ചെയർമാനും തലശേരി സബ് കളക്ടറുമായ കാർത്തിക് പാണിഗ്രഹി, സ്പോർട്സ് സംഘാടകൻ ജോൺസൺ, ഡിടിപിസി സെക്രട്ടറി ശ്യാംകൃഷ്ണൻ എന്നിവർ പങ്കെടുത്തു.