പഴശി അണക്കെട്ടിലെ മാലിന്യം നീക്കം ചെയ്ത ു
1492871
Monday, January 6, 2025 1:02 AM IST
മട്ടന്നൂർ: പഴശി അണക്കെട്ടിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. കുടിവെള്ള വിതരണത്തിനായി എടുക്കുന്ന വെള്ളത്തിൽ കുമിഞ്ഞുകൂടിയ മാലിന്യമാണു നീക്കം ചെയ്തത്. ബാവലിപ്പുഴയുടെയും ബാരാപ്പുഴ പുഴയിലൂടെയും ഒഴുകിയെത്തുന്ന വെള്ളം പഴശി അണക്കെട്ടിൽ തടഞ്ഞുനിർത്തി നിരവധി കുടിവെള്ള പദ്ധതികളിലേക്ക് വിതരണം ചെയ്യുന്ന അണക്കെട്ടിൽ ഇത്തവണയും ഒഴുകിയെത്തിയത് ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്.
ഇന്നലെ പഴശി ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഴശി പട്ടികവർഗ റിസർവോയർ സഹകരണ സംഘത്തിന്റെ സഹായത്തോടെയാണു ശുചീകരിച്ചത്. രണ്ടുവട്ടത്തോണികളിലായി പുഴയിൽ ഇറങ്ങി പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എടുത്തു മാറ്റുകയായിരുന്നു.
ജില്ലയിലെ വിവിധയിടങ്ങളിൽ കുടിവെള്ളം വിതരണം നടത്തുന്നതിന് നവംബറിലാണ് അണക്കെട്ടിന്റെ 16 ഷട്ടറുകളും അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയത്. മലയോരത്തുണ്ടാകുന്ന മഴ വെള്ളത്തിനൊപ്പം ഒഴുകിവന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയാണു കെട്ടിക്കിടന്നത്. എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി, അസിസ്റ്റന്റ് എൻജിനിയർ കെ. വിജില, ഉദ്യോഗസ്ഥരായ പ്രജിത്ത്, ജിബിൻ പീറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.