പി. ജയരാജനെ ജയില്‍ ഉപദേശകസമിതിയില്‍ നിന്നു പുറത്താക്കണം: മാര്ട്ടിന് ജോര്‍ജ്
1492868
Monday, January 6, 2025 1:02 AM IST
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഉപഹാരം സമ്മാനിച്ച പി. ജയരാജനെ ജയില്‍ ഉപദേശകസമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സിപിഎം നേതാവെന്ന നിലയില്‍ പി. ജയരാജന് ജയിലിലായ ക്രിമിനലുകളെ അഭിവാദ്യം ചെയ്യാനെത്താം. എന്നാല്‍, ജയില്‍ ഉപദേശകസമിതിയംഗമെന്ന ഔദ്യോഗിക ചുമതല വഹിക്കുന്നയാൾ പ്രതികളെ അഭിവാദ്യം ചെയ്യാനെത്തിയത് ഒരിക്കലും നീതീകരിക്കാനാകില്ല.
കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂരില്‍ നിന്നും കാക്കനാട് നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത് കൃത്യമായ രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.
കണ്ണൂര്‍ ജയിലില്‍ സിപിഎം തടവുകാര്‍ക്കു ലഭിക്കുന്നത് വിഐപി പരിഗണനയാണ്. എല്ലാ സുഖസൗകര്യങ്ങളും സിപിഎം തടവുകാർക്ക് ജയിലിൽ ഒരുക്കുന്നുണ്ട്.
ജയില്‍ ഉപദേശകസമിതിയംഗമെന്ന നിലയില്‍ ജയിലധികൃതരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് പി. ജയരാജന് പ്രതികളെ അഭിവാദ്യം ചെയ്യാനെത്തിയത്. സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ക്രിമിനലുകൾക്ക് വിഐപി പരിഗണന നല്‍കാനുള്ള ഈ ജയില്‍മാറ്റം നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. ജയില്‍ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടേണ്ടെന്ന പ്രതികരണത്തിലൂടെ പി. ജയരാജൻ കൊലയാളികളെ പ്രത്യക്ഷമായി തന്നെ ന്യായീകരിക്കുകയാണ് ചെയ്തത്.
ജയില്‍ ഉപദേശകസമിതി അംഗമെന്ന സ്ഥാനം രാഷ്ട്രീയതാത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന പി. ജയരാജനെ ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്നത് കോടതിയോടും നീതിന്യായസംവിധാനത്തോടുമുള്ള അവഹേളനമാണെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.