ബ്ലാക്കി റിയൽ ഹീറോ
1493156
Tuesday, January 7, 2025 2:09 AM IST
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിൽ കുരുങ്ങിക്കിടന്ന പുലിക്ക് മുന്പിൽ നിന്നു സ്ഥലമുടമ പ്രകാശനെ രക്ഷിച്ചത് സന്തതസഹചാരിയായ പെൺവളർത്തുനായ ബ്ലാക്കിയാണ്. ടാപ്പിംഗ് തൊഴിലാളിയായ പ്രകാശന് വീട്ടിൽ ഒരംഗത്തെപോലെയാണ് ബ്ലാക്കി. എല്ലാ ദിവസവും ടാപ്പിംഗ് കഴിഞ്ഞെത്തുന്ന പ്രകാശന് പച്ചക്കറികൾക്ക് വെള്ളം ഒഴിക്കാൻ പോകുമ്പോൾ ബ്ലാക്കിയും പോകുന്നത് പതിവാണ്.
കൃഷിയിടത്തിൽ ചുറ്റിത്തിരിഞ്ഞ് ജോലിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതുവരെ തോട്ടത്തിനുള്ളിലെ സെക്യൂരിറ്റി ചുമതല ബ്ലാക്കിക്കാണ്. ഇന്നലെ പതിവ് പോലെ ടാപ്പിംഗ് കഴിഞ്ഞെത്തിയ പ്രകാശൻ ബ്ലാക്കിക്ക് പതിവ് ഭക്ഷണം നല്കിയശേഷമാണ് രണ്ടാളും കൃഷി സ്ഥലത്തേക്ക് പോയത്.
പ്രകാശന് മുന്നിൽ പോയ ബ്ലാക്കി പതിവിന് വിപരീതമായി മണം പിടിക്കുകയും പേടിയോടെ അസ്വസ്ഥ ത പ്രകടിപ്പിക്കുകയും ചെയ്തു. അല്പദൂരം മുന്നോട്ട് പോയ ശേഷം അസാധാരണ ശബ്ദത്തിൽ ഭയന്നു കുരച്ച് ബഹളം വയ്ക്കുന്നത് പ്രകാശൻ ശ്രദ്ധിച്ചു. അപ്പോഴാണ് അല്പം മാറി കാടുപിടിച്ച ഭാഗത്ത് വലിയൊരു ജീവി കിടന്നു പിടയുന്നത് പ്രകാശന്റെ ശ്രദ്ധയിൽ പെടുന്നത് .
അപകടകാരിയായ വന്യമൃഗമാണെന്ന് ബ്ലാക്കിയുടെ പരിഭ്രമത്തിൽനിന്നു മനസിലാക്കിയ പ്രകാശൻ "ബ്ലാക്കീ ഓടിക്കോ' എന്ന് ഉച്ചത്തിൽ പറഞ്ഞ് രണ്ടാളും വീട്ടിലേക്ക് തിരിച്ചോടുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തി ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു. ബ്ലാക്കി ഒപ്പം ഇല്ലായിരുന്നുവെങ്കിൽ തന്റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് ഏറെ താലോലിച്ചു വളർത്തുന്ന ബ്ലാക്കിയെ സ്നേഹത്തോടെ ചേർത്തുപിടിച്ച് പ്രകാശൻ പറഞ്ഞു.