യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ
1493154
Tuesday, January 7, 2025 2:09 AM IST
മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. കന്യാകുമാരി സ്വദേശി രാജദുരൈ (35)യെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. കന്യാകുമാരി സ്വദേശി ജസ്റ്റിൻ (38) ആണ് കുത്തേറ്റു മരിച്ചത്. നിടിയാഞ്ഞിരത്ത്
വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു രാജ ദുരൈ. ക്വാർട്ടേഴ്സിൽ കുടുംബമായി താമസിക്കുന്ന രാജയുടെ വീട്ടിൽ എത്തിയതായിരുന്നു ചാവശേരിയിലെ ഒരു ഇന്റർലോക്ക് കമ്പനിയിൽ രണ്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്ന ജസ്റ്റിൻ. രാജയും ഇന്റർലോക്ക് ജോലി ചെയ്തു വരികയാണ്. വാടക വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ജസ്റ്റിന് കുത്തേൽക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസും നാട്ടുകാരുമാണ് കുത്തേറ്റ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ജസ്റ്റിൻ മരിച്ചിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏല്പിച്ചത്. മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം.അനിൽ, എസ്ഐ ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.
കണ്ണൂരിൽനിന്നു ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഏഴോടെ കുത്തേറ്റ ജസ്റ്റിനെ എട്ടരയോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. രാജയുടെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുത്താൻ ഉപയോഗിച്ച കത്തി എവിടെനിന്ന് ലഭിച്ചെന്ന് വ്യക്തമല്ല.
വീട്ടിൽ കത്തിയല്ലെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഇന്നലെ വൈകുന്നേരം മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.