മഹിളാ സാഹസ് കേരളയാത്രയ്ക്ക് തുടക്കമായി
1492805
Sunday, January 5, 2025 8:18 AM IST
കാസര്‍ഗോഡ്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയ്ക്ക് കാസർഗോട്ട് ഉജ്വലതുടക്കം. ചെര്‍ക്കളയില്‍ നടന്ന ചടങ്ങില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.
2026ല്‍ സംസ്ഥാനത്ത് സ്ത്രീസൗഹൃദ സര്‍ക്കാര്‍ കൊണ്ടുവരാനുള്ള മുന്നേറ്റത്തിനാണ് ഈ യാത്ര തുടക്കം കുറിക്കുന്നതെന്ന് കെ.സി. വേണഗോപാല്‍ പറഞ്ഞു.
അമ്മമാരുടെ കണ്ണീരിന് വില നല്‍കാത്ത സര്‍ക്കാരാണ് ഇന്നു കേരളം ഭരിക്കുന്നത്. കാസര്‍ഗോട്ടെ 15 സിപിഎം കൊലയാളികളെ ജയിലില്‍ അടച്ച ശേഷമുള്ള ഈ യാത്ര ക്രിമിനിലിസത്തിന് എതിരായ മുന്നേറ്റമാണ്. പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണം എന്നുമുതല്‍ നടപ്പിലാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഒളിച്ചു കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, മന്‍സൂര്‍ അലി ഖാന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, പി.എം. നിയാസ്, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്, കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ന്യൂനപക്ഷ സെല്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന്, നെയ്യാറ്റിന്‍കര സനല്‍, ഐ.കെ. രാജു, ഹക്കീം കുന്നില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രജനി രമാനന്ദ്, ആര്. ലക്ഷ്മി, യു. വഹീദ, വി.കെ. മിനിമോള്‍, ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. 1474 മണ്ഡലം കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന യാത്ര സെപ്റ്റംബര്‍ 30നു തിരുവനന്തപുരത്ത് സമാപിക്കും.