കണ്ണവം വനത്തിൽ യുവതിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി
1492869
Monday, January 6, 2025 1:02 AM IST
കൂത്തുപറമ്പ്: വിറകിനായി കണ്ണവം വനത്തിൽ പോയ 40 കാരിയെ കാണാതായ സംഭവത്തിൽ പോലീസും വനപാലകരും തെരച്ചിൽ ആരംഭിച്ചു.
കണ്ണവം കോളനിയിലെ പൊരുന്നൻ വീട്ടിൽ എൻ. സിന്ധുവിനെയാണ് (40) ഡിസംബർ 31 മുതൽ കാണാതായത്. വനത്തിൽ വിറകു തേടി പോകുന്നെന്ന് പറഞ്ഞ യുവതിയെ കാണാതാകുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി നാട്ടുകാരും തുടർന്ന് വനപാലകരും കണ്ണവം പോലീസും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും വനപാലകരും ചേർന്ന് സാഹചര്യം ചർച്ച ചെയ്യുകയും കുറച്ചുകൂടി ഫലപ്രദമായ തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഡ്രോണുകൾ പോലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് യുവതിയെ കണ്ടെത്താനുള്ള സംവിധാനം ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.