തട്ടിപ്പ്: മുൻ സൊസൈറ്റി പ്രസിഡന്റ് അറസ്റ്റിൽ
1493166
Tuesday, January 7, 2025 2:09 AM IST
കരിക്കോട്ടക്കരി: അങ്ങാടിക്കടവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇരിട്ടി ബ്ലോക്ക് അഗ്രികൾചറൽ ആൻഡ് അലൈഡ് എംപ്ലോയീസ് വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് അറസ്റ്റിൽ.
സൊസൈറ്റിയിൽ നിന്ന് വ്യാജ വായ്പ എടുത്തു തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മുൻ പ്രസിഡന്റ് ചരൾ മുരിക്കുംകരിയിലെ പറക്കണശേരിയിൽ പി.എ. സെബാസ്റ്റ്യ(75)നെ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പാലിവാളിന്റെ നിർദേശ പ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.കെ.ബാബുവിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ 2006 മുതൽ 2023 വരെയുള്ള കാലയളവിൽ ഇടപാടുകാരുടെ പേരിൽ അവരറിയാതെ വായ്പ എടുത്ത് സൊസൈറ്റിക്ക് 1.5 കോടി രൂപയിലധികം രൂപ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന പരാതിയിൽ കരിക്കോട്ടക്കരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണു രണ്ടാം പ്രതിയായി പി.എ.സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്.
സാധാരണക്കാരായ അംഗങ്ങളായ ഇടപാടുകാർ വിശ്വസിച്ച് സൊസൈറ്റിയിൽ ഏല്പിച്ച തുക സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പേരിൽ സെബാസ്റ്റ്യന്റെ പേരിൽ മറ്റൊരു കേസും ഉള്ളതായി പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ രാജീവൻ, അശോകൻ, അജീഷ് ജയൻ, അജയൻ, പ്രവീണ, അനിത, സിവിൽ പോലീസ് ഓഫിസർമാരായ മനീഷ്, മഹേഷ്, ഷൈൻ എന്നിവരും ഉണ്ടായിരുന്നു.