ഒരുമിക്കാൻ വരവേൽക്കാം: "ശ്രീലയം-2025' ആരംഭിച്ചു
1492862
Monday, January 6, 2025 1:02 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭാ ഫെസ്റ്റ് "ഒരുമിക്കാൻ വരവേൽക്കാം' എന്ന സന്ദേശത്തോടെ നടത്തുന്ന "ശ്രീലയം-2025' സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
ശ്രീകണ്ഠപുരം നഗരത്തെ ഉണർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഈ സാംസ്കാരികോത്സവം സഹായകമാകട്ടെ എന്ന് എംഎൽഎ പറഞ്ഞു. നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡവലപ്പ്മെന്റ് കോർപറേഷൻ ചെയർമാൻ ടി.കെ. ഗോവിന്ദൻ മുഖ്യാതിഥിയായിരുന്നു.
വൈസ് ചെയർമാൻ കെ. ശിവദാസൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, വി.പി. നസീമ, കെ.സി. ജോസഫ്, സെക്രട്ടറി ടി.വി. നാരായണൻ, ഷംന ജയരാജ്, സിഡിഎസ് ചെയർപേഴ്സൺ എ. ഓമന, കൗൺസിലർ കെ.വി. ഗീത, ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ, മുഹമ്മദ് ബ്ലാത്തൂർ, ഇ.വി. രാമകൃഷ്ണൻ, കെ. സലാഹുദ്ദീൻ, പി. മാധവൻ, പി.വി. ശശിധരൻ, ടി.കെ. വത്സലൻ, പി.പി. രാഘവൻ, പി.പി. ബഷീർ, കെ. ഗോപി എന്നിവർ പ്രസംഗിച്ചു.
സാംസ്കാരികോത്സവത്തിന്റെ ലോഗോ തയാറാക്കിയ അഞ്ജലി സണ്ണിയെ നഗരസഭാധ്യക്ഷ ആദരിച്ചു. ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളുടെ പരിപാടികളും വിവിധ കലാകാരൻമാരുടെ പരിപാടികളോടൊപ്പം താവം ഗ്രാമവേദി അവതരിപ്പിച്ച വടക്കൻ പെരുമ എന്ന കലാരൂപവും അരങ്ങേറി.