ദേഹത്തുചുറ്റിയ കന്പിയുമായി പുലി ഓടി; കുടുങ്ങിക്കിടന്നത് മരക്കുറ്റിയിൽ
1493155
Tuesday, January 7, 2025 2:09 AM IST
ഇരിട്ടി: കാക്കയങ്ങാട്ടുകാർ ഭയ ത്തോടും ഞെട്ടലോടുമാണ് ഇന്നലെ പുലി കുടങ്ങിയ വാർ ത്ത കേട്ടത്. കാക്കയങ്ങാട് ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ അകലെയുള്ള മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാറിയുള്ള പറമ്പിലാണ് പുലി കുടുങ്ങിയത്. സമീപത്ത് എവിടെനിന്നോ ശരീരത്തിൽ കന്പി കുരുങ്ങിയ പുലി പ്രകാശന്റെ പുരയിടത്തിലെത്തിയപ്പോൾ മരക്കുറ്റിയിൽ കമ്പി കുടുങ്ങി രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നു. പുലി രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും മരക്കുറ്റിയിലെ കുരുക്ക് മുറുകിയതോടെ എണീക്കാൻ കഴിയാതെ വന്നു.
വയനാട്ടിൽനിന്ന് ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഉച്ചയ്ക്ക് 12ന് സ്ഥലത്തെത്തി. ആദ്യം പുലിയുടെ ആരോഗ്യനിലയും വെടിവയ്ക്കാനുള്ള സാഹചര്യവും മനസിലാക്കിയ ശേഷമാണ് മയക്കുവെടിവച്ചത് . ആരോഗ്യവാനായ പുലിക്ക് വെടിയേറ്റങ്കിലും രണ്ടാമതും മയക്കുവെടിവച്ചശേഷമാണ് കൂട്ടിലാക്കിയത്.
കൂട്ടിലാക്കിയ പുലിയെ മൂടിക്കെട്ടിയ ആർആർടി വാഹനത്തിലാണ് വെളിയിലെത്തിച്ചത്. തുടർന്ന് പുലിയെ എവിടേക്കാണ് മാറ്റുന്നത് എന്നറിയിക്കണമാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഡിഎഫ്ഒ പി. വൈശാഖിനെ ഉപരോധിച്ചു. ഡിഎഫ്ഒ മറുപടി പറയാതെ വന്നതോടെ അല്പസമയം സംഘർഷസാധ്യത ഉടലെടുത്തു. പോലീസും വനപാലകരും ചേർന്ന് പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് ഡിഎഫ്ഒയുടെ വാഹനം കടന്നുപോയത് .
പുലി കുടങ്ങിക്കിടക്കുന്ന ദുർബലമായ കമ്പി പൊട്ടിയാൽ അപകട സാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള വഴി പോലീസ് അടച്ചിരുന്നു. പ്രദേശത്തുള്ളവർ വീടുകളിൽ തന്നെ കഴിയാൻ പോലീസ് വാഹനത്തിൽ അനൗൺസ് ചെയ്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പുലി കുടുങ്ങിയതറിഞ്ഞ് ധാരാളം ജനങ്ങൾ പ്രദേശത്തേക്ക് എത്തിയതോടെ പോലീസ് പലതവണ ജനങ്ങളെ ഇവിടെനിന്നും ദൂരേക്ക് മാറ്റി.
സണ്ണി ജോസഫ് എംഎൽഎ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു , വൈസ് പ്രസിഡന്റ് വിനോദ് കുമാർ, പഞ്ചായത്തംഗങ്ങളായ കെ.വി. റഷീദ് കെ. മോഹനൻ, പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ, മുഴക്കുന്ന് സിഐ എ.വി. ദിനേശ്, റേഞ്ചർമാരായ പി. പ്രസാദ്, സുധീർ നേരോത്ത്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ വിവിധ റേഞ്ചുകളിലെ വനംവകുപ്പ് ജീവനക്കാർ, മുഴക്കുന്ന് പേരാവൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സംഭവസ്ഥലത്ത് എത്തി ദൗത്യത്തിൽ പങ്കെടുത്തു.