മാട്ടറ കാരീസ് യുപി സ്കൂൾ മുറ്റത്തെ കുട്ടി പച്ചക്കറിക്കട
1492870
Monday, January 6, 2025 1:02 AM IST
ഉളിക്കൽ: മാട്ടറ കാരീസ് യുപി സ്കൂൾ മുറ്റത്തെ കുട്ടി പച്ചക്കറിക്കട വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. സ്കൂളിലെ ഉച്ചഭക്ഷണത്തിനായി നട്ടുവളർത്തിയ പച്ചക്കറി തോട്ടത്തിലെ വിഷരഹിത പച്ചക്കറികളാണ് ഉപയോഗിച്ചിട്ടും തീരാതെ വന്നപ്പോൾ കുട്ടിക്കടയിലൂടെ വില്പന നടത്തിയത്. ഇരുപത്തിയൊന്നിനം പച്ചക്കറികളാണു തോട്ടത്തിൽ വിളയുന്നത്. പിടിഎയുടെ സഹകരണത്തോടെ അധ്യാപകരും കുട്ടികളും ചേർന്നാണു കൃഷിയിറക്കിയത്. കൃഷിത്തോട്ടം നനയ്ക്കുന്നതിന് സ്പ്രിംഗ്ലർ സംവിധാനം ഉൾപ്പടെ നിർമിച്ചു നൽകി.
പൂർവവിദ്യാർഥികളും പദ്ധതിക്ക് പൂർണ പിന്തുണ നൽകി. കൃഷി മെച്ചപ്പെട്ടതോടെ പച്ചക്കറികൾ മിച്ചം വന്നതോടെയാണു പുതിയ ആശയം രൂപപ്പെടുന്നത്. പയർ, തക്കാളി, മുളക്, വാഴക്കുല, കൂർക്ക, ചേന, പടവലം, മത്തങ്ങ തുടങ്ങി വിവിധയിനം പച്ചക്കറികളാണുവില്പനയ്ക്ക് എത്തിയത്. കർഷക വേഷമണിഞ്ഞ കുട്ടികൾ കച്ചവടക്കാരായി. സ്കൂൾ മുറ്റത്തെ ഓലമേഞ്ഞ കുട്ടിക്കടയുടെ ഉദ്ഘടനം പഞ്ചായത്തംഗം സരുൺ തോമസിന് ആദ്യവില്പന നടത്തിക്കൊണ്ട് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു.
മുഖ്യാധ്യാപിക ഇ.ജെ. തങ്കമ്മ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് ഇലവുംകുന്നേൽ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് പങ്കജാക്ഷൻ കുറ്റ്യാനിക്കൽ, കൃഷി അസിസ്റ്റന്റ് ഹരീന്ദ്രനാഥ്, പിടിഎ വൈസ് പ്രസിഡന്റ് സിബി വെട്ടുകല്ലാംകുഴി, റോയ് വെട്ടിമൂട്ടിൽ, എസ്ആർജി കൺവീനർ അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പ്രതീഷ് ജോസഫ്, സയോണ ജോസ്, സൗമ്യ ജോസഫ്, ജ്യോത്സന ജോർജ്, ഷിജി എന്നിവർ നേതൃത്വം നൽകി. ആദ്യ ദിവസത്തെ വില്പനയിൽ തന്നെ പച്ചക്കറികൾ മുഴുവൻ വിറ്റുതീർന്നു. 5000 രൂപയോളം വരുമാനം ലഭിച്ചു.