വോളിബോളിനെ നെഞ്ചിലേറ്റിയ മണാട്ടി ഗ്രാമം
1493162
Tuesday, January 7, 2025 2:09 AM IST
ചപ്പാരപ്പടവ്: മലയോര മേഖലയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന വോളിബോൾ ഇന്നു അന്യം നിന്നു പോകുന്ന അവസ്ഥയാണ്. കളിക്കളങ്ങളും, കളിയാരവങ്ങളും നിലവിൽ മാഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അൻപത് വർഷത്തിലേറെയായി വോളിവോളിനെ നെഞ്ചിലേറ്റുന്ന ഒരു മലയോരഗ്രാമമുണ്ട്.
ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി പുതിയഭഗവതി കാവ് ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിലാണ് ഫ്രണ്ട് വോളിബോൾ കൂട്ടായ്മയുടെ വോളിബോൾ കോർട്ട്. നിരവധി നാഷണൽ, സ്റ്റേറ്റ്, യൂണിവേഴ്സിറ്റി താരങ്ങളെ സംഭവാന ചെയ്ത കളിസ്ഥലമാണ് ഫ്രണ്ട്സ് വോളിബോൾ കൂട്ടായ്മ. സർവീസസ് ആർമി താരങ്ങളായ സുജിത്ത് ചെമ്പനാനി,സുമിത്ത് ചെമ്പനാനി യൂണിവേഴ്സിറ്റി താരങ്ങളായ റിച്ചാർഡ് കുര്യൻ, ബാബേഷ് എന്നിവർ പഴയ താരങ്ങളിൽ തിളങ്ങി നിന്നവരാണ്.
പുതിയ തലമുറയിൽ ഒരു പിടി താരങ്ങളെ സംഭാവന ചെയ്യുന്നതിലും ഫ്രണ്ട്സ് വോളിബോൾ കൂട്ടായ്മ മുൻപന്തിയിലാണ്. ജൂണിയർ നാഷണൽ താരം ആദിത്ത്, ജൂണിയർ സംസ്ഥാന സ്കൂൾ താരങ്ങളായ ജോബിൻ, സ്റ്റെനിൽ ഉൾപ്പെടെ സമീപ പ്രദേശങ്ങളിലെ നിരവധി സ്കൂളുകളിൽ നിന്നായി സ്കൂൾ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ ഉണ്ടിവിടെ.
മധ്യ വേനൽ അവധികാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും വർഷങ്ങളായി അവധിക്കാല കോച്ചിംഗ് ക്യാമ്പ് നടത്താറുണ്ട്. ആർമി റിട്ട. സുബേധാർ സുനിൽകുമാർ കോട്ടക്കടവ്, യൂത്ത് നാഷനൽ സീനിയർ സ്റ്റേറ്റ് താരവുമായ കിഷോർ കൃഷ്ണൻ, വിഷ്ണു, ശ്രീരാഗ് തുടങ്ങി നിരവധി പേർ ഇതിന് നേതൃത്വം നൽകുന്നു. കോച്ചിംഗ് ക്യാമ്പ് തികച്ചും സൗജന്യമായാണ് നടന്നുവരുന്നത്.