പുലിയെ സമീപകാടുകളിൽ തുറന്നുവിടരുത്; പ്രതിഷേധിച്ച് കോൺഗ്രസ്
1493157
Tuesday, January 7, 2025 2:09 AM IST
ഇരിട്ടി: കാക്കയങ്ങാട് ടൗണിന് സമീപത്തുനിന്നും മയക്കുവെടി വച്ച് വനപാലകർ പിടികൂടിയ പുലിയെ ജനവാസ മേഖലക്ക് അരികിലെ കാടുകളിൽ വിടുമെന്ന അഭ്യൂഹത്തെ തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസ് ആർആർടി ഓഫീസ് ഉപരോധിച്ചു.
പുലിയെ ആറളം ആർആർടി ഓഫീസിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഓഫീസിലേക്ക് എത്തിയത്. പ്രവർത്തകർ കടുത്ത പ്രതിഷേധം തുടർന്നതിനേത്തുടർന്ന് സണ്ണി ജോസഫ് എംഎൽഎ എത്തി ഡിഎഫ്ഒയും മറ്റ് വനം ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ച നടത്തി. ചർച്ചയിൽ ഡിഎഫ്ഒയുടെ നിർദേശ പ്രകാരം കൊട്ടിയൂർ, കണ്ണവം, ആറളം എന്നീ വന്യജീവി സങ്കേതങ്ങളിൽ പുലിയെ തുറന്നുവിടില്ല എന്ന് കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ് രേഖാമൂലം ഉറപ്പ് നൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കോൺഗ്രസ് പ്രവർത്തകർ പുലിയെ തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് ഡിഎഫ്ഒയെ ഉപരോധിച്ചത് ഇടതുപക്ഷ പ്രവർത്തകർ കൂട്ടമായി ചേർന്ന് കൂക്കിവിളിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചത് അല്പസമയം ആശങ്ക സൃഷ്ടിച്ചു. തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് 13 ലെ ആർആർടി ഓഫീസ് ഉപരോധിച്ചത്.
സമരത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പി.എ. നസീർ, ജൂബിലി ചാക്കോ, കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ജനറൽ സെക്രട്ടറിമാരായ ബൈജു വർഗീസ്, സാജു യോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പാൽ ഗോപാലൻ, വി. ശോഭ, ഷിജി നടുപ്പറമ്പിൽ, ആറളം മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.