ജീവിത വിശുദ്ധിയായിരിക്കണം നമ്മുടെ ലക്ഷ്യം: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
1493153
Tuesday, January 7, 2025 2:09 AM IST
പരിയാരം: നമ്മളെയെല്ലാം വിളിച്ചിരിക്കുന്നത് ജീവിത വിശുദ്ധിയിലേക്കാണെന്നും വിശുദ്ധിയായിരി ക്കണം നമ്മുടെയെല്ലാം ലക്ഷ്യമെന്നും കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍. മരിയപുരം നിത്യസഹായമാതാ ദേവാലയത്തില്‍ ദൈവദാസന് ലീനസ് മരിയ സുക്കോള്‍ എസ്ജെയുടെ അനുസ്മരണ ദിനത്തില്‍ നടത്തിയ സമൂഹബലിയിൽ പ്രധാന കാര്‍മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വിശക്കുന്നവന് ഭക്ഷണം നല്‍കിയും കിടപ്പാടമില്ലാത്ത പതിനായിരങ്ങള്‍ക്ക് ഭവനങ്ങള്‍ നല്‍കിയും രോഗികളെയും അനാഥരെയും സംരക്ഷിച്ച്, അവര്‍ക്കായി സ്നേഹത്തിന്റെ കരങ്ങള്‍ നീട്ടിയ സുക്കോളച്ചന് സുവിശേഷത്തെ ജീവിതത്തില്‍ പകര്‍ത്തി കര്‍ത്താവിന്റെ മറ്റൊരു സുവിശേഷമായി മാറുകയായിരുന്നു. ഇത്തരത്തിൽ ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അഭയകേന്ദ്രമായി മാറിയതിലൂ ടെയാണ് സുക്കോളച്ചന് ജനഹൃദയങ്ങളിലും ഇടംപിടിച്ചത്. വിശുദ്ധ ജീവിതം ഏതാനും ചിലര്‍ക്കു മാത്രമല്ല നമുക്ക് സാധ്യമാണ്. എന്നാല്‍ നമ്മള് ജീവിക്കുന്നത് പാപത്തിലാണെങ്കില് ചെന്നുവീഴുക ചെളിക്കുണ്ടിലുമായിരിക്കും. ദൈവത്തില്‍നിന്ന് വന്ന് ദൈവത്തോടൊപ്പം നടന്ന് ദൈവത്തിങ്കലേക്ക് പോയ സുക്കോളച്ചനേപോലെ ദൈവത്തോടൊപ്പം നടക്കാന്‍ എല്ലാവര്ക്കും സാധിക്കണമെന്നും ബിഷപ് ചക്കാലക്കല്‍ പറഞ്ഞു.
സുക്കോളച്ചന് നമുക്ക് പകര്‍ന്ന് നല്കിയ പ്രത്യാശ ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ തിര്ഥാടകരാകാന് നമ്മെ സഹായിക്കുമെന്ന് ആമുഖ ഭാഷണത്തില്‍ കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. പോര്‍ട്ട് മോറസ്ബി അതിരൂപത കര്‍ദിനാള്‍ ജോണ്‍ റിബാര്ട്ട്, കണ്ണൂര്‍ രൂപത സഹായ മെത്രാന് ഡോ.ഡെന്നിസ് കുറുപ്പശേരി, ഓസ്ട്രേലിയ പാപ്പുവ ന്യൂഗിനിയ ലേ രൂപത ബിഷപ് റൊസാരിയോ മെനേസിസ്, ജെസ്യൂട്ട് കേരള പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഇ.പി. മാത്യു, ദീനസേവന സഭ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍സി പന്തലാടിക്കല്‍, കണ്ണൂര്‍ രൂപത വികാരി ജനറാൾ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കോഴിക്കോട് രൂപത വികാരി ജനറാൾ മോണ്‍. ജെൻസൺ പുത്തന്‍വീട്ടില്‍ എന്നിവരും അന്‍പതോളം വൈദികരും സമൂഹബലിക്ക് സഹകാര്‍മികരായി.
കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ നടന്ന സുക്കോളച്ചന്റെ കബറിടത്തിലെ പ്രാര്‍ഥനയോടെയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്. സുക്കോളച്ചന്റെ സേവനഫലമനുഭവിച്ച വിവിധ ഇടവകകളിലെ വിശ്വാസികളും സംബന്ധിച്ചു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.