വികസനം: സർക്കാരിന്റെ കാരുണ്യം കാത്ത് കാപ്പിമല
1493163
Tuesday, January 7, 2025 2:09 AM IST
കാപ്പിമല: നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പൈതൽമലയുടെ താഴ്വാര ടൗണായിട്ടും വികസനമെത്താതെയും വന്യജീവി ഭീതിയിലും കാപ്പിമല. സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാണ് ഇതിനെല്ലാം ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. 2005ൽ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിനായി പ്ലാന്റേഷൻ കോർപറേഷനിൽ നിന്നും സർക്കാർ ഇവിടെ സ്ഥലം ഏറ്റെടുത്തിരുന്നു.
എന്നാൽ ഈ സ്ഥലം ആദിവാസികൾക്ക് നൽകുകയോ ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന കാപ്പിത്തോട്ട വികസന പദ്ധതി നടപ്പിലാക്കുകയോ ചെയ്തില്ല. ആദിവാസി കുട്ടികൾക്കായി റസിഡൻഷൽ സ്കൂൾ തുടങ്ങാൻ നീക്കം ഉണ്ടായിരുന്നെങ്കിലും അതും ഉപേക്ഷിച്ചു. ഏറ്റെടുത്ത സ്ഥലം ഇപ്പോൾ കാട് പിടിച്ച് കിടക്കുകയാണ്. ഇപ്പോൾ ഈ സ്ഥലം രാജവെന്പാല, കാട്ടുപന്നി, കുരങ്ങ്, മുള്ളൻ പന്നി എന്നിവയുടെ ആവാസ കേന്ദ്രമാണ്.
ദൂരസ്ഥലങ്ങളിൽ നിന്ന് പിടിക്കുന്ന പാമ്പുകളെ പോലും ആവാസവ്യവസ്ഥയെന്ന് പറഞ്ഞ് ഇവിടെയാണ് തുറന്നു വിടുന്നത്. ഇത്തരം പാന്പുകൾ റോഡിലും സമീപ പ്രദേശങ്ങളിലും വീടുകളിലും കടകളിലും കയറുന്നത് വലിയ ഭീഷണയാകുന്നുണ്ട്. കൊടുങ്കാടിന് സമാനമായ അവസ്ഥയാണ് നിലവിൽ ഇവിടെയുള്ളത്.
ഇവിടുത്തെ വൻമരങ്ങൾ നിലനിർത്തി കാടുകൾ വെട്ടിത്തെളിച്ച് വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ ഉപയോഗപ്രദമാകുന്നന രീതിയിൽ വികസിപ്പിച്ചെടുത്താൽ ടൗണിന്റെ മുഖച്ഛായ മാറുകയും വന്യമൃഗ ഭീഷണി ഒഴിവാക്കുകയും ചെയ്യാം.
ഇതിലൂടെ സർക്കാരിന് വരുമാനവും ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു. പ്രസ്തുത ഭൂമിയോട് ചേർന്ന് അങ്കണവാടി, ഗവ. യുപി സ്കൂൾ, ആരാധനാലയം, കച്ചവട സ്ഥാപനങ്ങൾ, വീടുകൾ എന്നിവയെല്ലാമുണ്ട്. ഇവിടങ്ങളിലെല്ലാം കാട്ടുപന്നി വരെ എത്തുന്നുണ്ട്. കാട്ടുപന്നി നിരവധി തവണ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ കൃഷികളും കാട്ടുമൃഗങ്ങൾ നശിപ്പിക്കുകയാണ്.