അവസാനലാപ്പിൽ കണ്ണൂരിലെ സിന്തറ്റിക്ക് ട്രാക്
1492804
Sunday, January 5, 2025 8:18 AM IST
കണ്ണൂർ: കായികകുതിപ്പിന് കരുത്തേകാൻ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് നിർമാണം അവസാനലാപ്പിലേക്ക്. 7.57 കോടിയിലധികം ചെലവഴിച്ചാണ് സിന്തറ്റിക് ട്രാക്കും പുൽത്തകിടിയുള്ള ഫുട്ബോൾ മൈതാനവും നഗരത്തിന് സമ്മാനിക്കുന്നത്.
കഴിഞ്ഞ മേയിലാണ് നിർമാണം ആരംഭിച്ചത്. ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. നാലര സെന്റിമീറ്റർ കനത്തിൽ ബിറ്റുമിൻ മെക്കാഡവും രണ്ടര സെന്റിമീറ്റർ കനത്തിൽ ബിറ്റുമിൻ കോൺക്രീറ്റും നടത്തി. ഒന്നര സെന്റീമീറ്റർ കനത്തിൽ റബർ-പോളിയുറത്തൈൻ എന്നിവയുടെ മിശ്രിതം പാകിയാണ് സിന്തറ്റിക്ക് ട്രാക്കിന്റെ നിർമിച്ചിരിക്കുന്നത്. 400 മീറ്ററിൽ എട്ട് ലൈൻ ട്രാക്കാണ് ഇവിടെ ഒരുങ്ങുന്നത്.
ലോംഗ്ജംപ്, ട്രിപ്പിൾജംപ് പിറ്റുകളും മൈതാനത്ത് തയാറാക്കുന്നുണ്ട്. ഫുട്ബോൾ ഗ്രൗണ്ടിന് 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുണ്ട്. മൈതാനത്ത് പ്രത്യേക ജിയോ ടെക്സ്റ്റൈൽ വിരിച്ചു. ഇതിനുമുകളിൽ 10 സെന്റിമീറ്റർ കനത്തിൽ മണലും ചകിരിച്ചോറും അടങ്ങിയ മിശ്രിതം നിറച്ചുകൊണ്ടിരിക്കുകയാണ്. ബർമുഡ ഗ്രാസ് വിരിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും.
ഗ്രൗണ്ടിന്റെ അവസാനവട്ട ലെവലിംഗാണ് ഇപ്പോൾ നടക്കുന്നത്. ഫുട്ബോൾ മൈതാനത്തിന്റെ ഡ്രെയിനേജ് നിർമാണം പൂർത്തിയായി.കേരള പോലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ ഫണ്ടുപയോഗിച്ചാണ് നിർമാണം. കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ കീഴിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രേറ്റ്സ് സ്പോർട്സ് എന്ന സ്ഥാപനത്തിനാണ് നിർമാണചുമതല. പോലീസിന്റെ പരിശീലനത്തിനും കായികമേളകൾക്കും മാത്രമല്ല നിലവിൽ പോലീസ് പരേഡ് ഗ്രൗണ്ട് ഉപയോഗിക്കുന്നത്.
സംസ്ഥാന സ്കൂൾ കായികമേളകളടക്കം സ്കൂൾ, കോളജ് തല മത്സരങ്ങളും കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങളുമെല്ലാം ഇവിടെ നടത്താൻ പദ്ധതിയുണ്ട്. കണ്ണൂർ സ്പോർട്സ് സ്കൂളിലെ വിദ്യാർഥികളുടെ ഫുട്ബോൾ പരിശീലനവും ഇവിടെ തുടരും. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാമ്പസ് ഗ്രൗണ്ടിലും തലശേരി ബ്രണ്ണൻ കോളജ് ഗ്രൗണ്ടിലും തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമാണ് നിലവിൽ ജില്ലയിൽ സിന്തറ്റിക് ട്രാക്കുള്ളത്.
ഇൻഡോർ കോർട്ട് നിർമാണം തകൃതി
പോലീസ് മൈതാനത്ത് ഇൻഡോർ കോർട്ട് നിർമാണവും തകൃതിയായി നടക്കുന്നു. 1.43 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഇവിടെ ബാഡ്മിന്റൺ, വോളിബോൾ എന്നിവ പരിശീലിക്കാം. 34 മീറ്റർ നീളവും 16 മീറ്റർ വീതിയും 7.60 മീറ്റർ ഉയരവുമുള്ള രണ്ട് കളിസ്ഥലങ്ങളാണ് തയാറാക്കുന്നത്.
ഫ്ലഡ്ലിറ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. കണ്ണൂർ സിറ്റി പോലീസിന് കീഴിലുള്ള ആദ്യത്തെ ഇൻഡോർ കോർട്ടാണിത്. മികച്ച നിലവാരമുള്ള ടർഫ് ഗ്രൗണ്ട് നേരത്തെ ഒരുക്കിയിരുന്നു. കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് ഇതിന്റെയും നിർമാണ ചുമതല.
സ്വന്തം ലേഖകൻ