ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു; ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്കണമെന്ന് ഉപഭോക്തൃ കോടതി
1492800
Sunday, January 5, 2025 8:18 AM IST
ആലക്കോട്: സർക്കാർ ജീവനക്കാർക്കാരുടെ ചികിത്സാ പദ്ധതിയായ മെഡിസെപ്പിൽ നിന്നുള്ള ആരോഗ്യ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ നിരസിച്ചതിനെതിരേ ജില്ലാ ഉപഭോക്ത്യ കോടതിയുടെ ഇടപെടൽ. കാർത്തികപുരത്തെ റിട്ട. ഗവ. സ്കൂൾ മുഖ്യാധ്യാപകൻ പി.എച്ച്. കാസിം നല്കിയ പരാതിയിൽ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കെതിരേയാണ് വിധി.
2019 ലെ ഉപഭോക്ത്യ സംരക്ഷണനിയമം, സെക്ഷൻ 100 പ്രകാരം ഇൻഷ്വറൻസ് കമ്പനിയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ആശുപത്രച്ചെലവായ 23,600 രൂപയും പെൻഷൻകാരനുണ്ടായ മാനസിക വിഷമത്തിന് നഷ്ടപരിഹാര മായി 4000 രൂപയും കോടതിച്ചെലവിനത്തിൽ 3000 രൂപയും ചേർത്ത് 30,600 രൂപ ഒരുമാസത്തിനകം പരാതിക്കാരന് നല്കാൻ കമ്മീഷൻ ഉത്തരവായത്.
ഛർദി, കടുത്ത ശാരീരിക ക്ഷീണം, അവശത എന്നീ ലക്ഷണങ്ങളോടെ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയെ കാസിം സമീപിച്ചിരുന്നു. ആശുപത്രി ബില്ലുകൾ പ്രകാരം 23,600 രൂപ ആശുപത്രിയിൽ പരാതിക്കാരന് നൽകേണ്ടി വന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് രോഗി സാധാരണ നിലയിലായിരുന്നുവെന്നും ഒപി വിഭാഗത്തിൽപ്പെടുത്തി ചികിത്സ നല്കാമായിരുന്നുവെന്നുമാണ് ഇൻഷ്വറൻസ് കമ്പനി ചികിത്സാസഹായം നിരസിക്കാൻ കാരണമായി പറഞ്ഞത്.
ഇതിനെതിരേയാണ് ആശുപത്രി ചികിത്സാരേഖകൾ സഹിതം കാസിം പരാതി നല്കിയത്. ഇൻഷ്വറൻസ് കമ്പനിക്കുവേണ്ടി അഡ്വ. വി.വി. ഗോപിനാഥനും ആശുപത്രിക്കുവേണ്ടി അഡ്വ. കെ.കെ. ബലറാമും ഹാജരായി. പരാതിക്കാരൻ സ്വന്തം നിലയിൽ കമ്മിഷൻ മുമ്പാകെ ഹാജരായി വാദിക്കുകയായിരുന്നു.