കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1492797
Sunday, January 5, 2025 8:18 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടമിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. ചെമ്പകശേരി അനൂപ്, മോനിച്ചൻ എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. തെങ്ങ്, വാഴ, കമുക് തുടങ്ങിയവയാണ് കൂടുതലായും നശിപ്പിച്ചത്. ജനവാസ മേഖലയിൽ വീടിന് സമീപം വരെ എത്തിയ കാട്ടാനക്കൂട്ടം വാട്ടർ ടാങ്ക് ഉൾപ്പെടെ നശിപ്പിച്ചു.
കർണാടക-കേരള വനമേഖലയിൽ നിന്നും എത്തുന്ന ആനകൾ പാലത്തുംകടവ് ഭാഗങ്ങളിൽ വലിയ ഭീഷണിയാണ്. ആനകൾ ജനവാസ മേഖലയിൽ കടക്കുന്നത് തടയുന്നതിനായി 53 ലക്ഷം രൂപ ചെലവിൽ സോളാർ തൂക്കുവേലിയുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും കാട്ടനയുടെ താണ്ഡവം.
വനം വകുപ്പ് 10 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച സോളാർ വേലി പ്രവർത്തന രഹിതമായതോടെ ഇതു വഴിയും ആനകൾ കൃഷിയിടത്തിൽ പ്രവേശിച്ച് നാശം വിതയ്ക്കുകയാണ്. വനം വകുപ്പ് കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതു കാരണം വേലികൾ പ്രവർത്തന രഹിതമായി കാടുകയറി നശിക്കുകയാണ്. കഴിഞ്ഞ തവണ ഡിഎഫ്ഒ കച്ചേരിക്കടവിൽ വന്നപ്പോൾ സോളാർ വേലിയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നല്കിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.
ആനയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനം പ്രത്യക്ഷ സമരപരിപാടി കളിലേക്ക് നീങ്ങുമെന്ന് വാർഡ് മെംബർ ബിജോയി പ്ലാത്തോട്ടം പറഞ്ഞു.
ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. രാഹുൽ, പി. കൃഷ്ണശ്രീ, രാജേഷ് ഈഡൻ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.