"ഒറോത ഫെസ്റ്റ്' മലയോര ടൂറിസത്തിന് ഉണർവേകും: സജീവ് ജോസഫ്
1492791
Sunday, January 5, 2025 8:18 AM IST
ചെമ്പേരി: 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരിയിൽ നടക്കുന്ന "ഒറോത ഫെസ്റ്റ്' മലബാറിലെ ഏറ്റവും വലിയ കാർഷികമേളയായി മാറുമെന്നും വർഷംതോറും ഈ മേള സംഘടിപ്പിക്കുകയാണെങ്കിൽ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി ഉൾപ്പെടെയുള്ള മലയോര ടൂറിസ വികസനത്തിന് ഊർജ സ്രോതസായി മാറുമെന്നും സജീവ് ജോസഫ് എംഎൽഎ.
ഒറോത ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോരത്തിന്റെ ഈ മഹാമേളയിൽ ടൂറിസവുമായി ബന്ധപ്പെട്ട ഒരു സ്റ്റാൾ ക്രമീകരിക്കാൻ താൻ മുൻകൈ എടുക്കുമെന്നും സ്വാഗത സംഘം മുഖ്യരക്ഷാധികാരികൂടിയായ സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
ചെമ്പേരി ബസ് സ്റ്റാൻഡിന് സമീപം മൂന്നര ഏക്കർ സ്ഥലത്ത് പന്ത്രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മേളയിൽ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കും. കൃഷിയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, കർഷകർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരമാർഗങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സിമ്പോസിയം, കാർഷിക ക്വിസ് മത്സരങ്ങൾ, എന്നിവയും മേളയുടെ ഭാഗമായുണ്ടാകും.
മലബാർ കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ കർഷകർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ കാർഷിക ആയുധങ്ങൾ, പാത്രങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളുടെ പ്രദർശനം, ശ്വാന പ്രദർശനം, പുഷ്പ-ഫല-സസ്യ പ്രദർശനം, അലങ്കാര മത്സ്യ പ്രദർശനം, കാർഷിക വിളകളുടെ പ്രദർശനം, ദിവസേന വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ, സാംസ്കാരിക, സാഹിത്യ സദസുകൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് എന്നിവയടക്കം മേള സന്ദർശിക്കുന്നവർക്ക് ആസ്വാദ്യകരമായ വ്യത്യസ്താനുഭവങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.