"അമ്മയ്ക്ക് ശന്പളമില്ല; എനിക്ക് കളിപ്പാട്ടവും' ഒന്നാം ക്ലാസുകാരൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലാകുന്നു
1492801
Sunday, January 5, 2025 8:18 AM IST
പെരുമ്പടവ്: അധ്യാപികയായ അമ്മയ്ക്ക് ശന്പളം കിട്ടാത്തത് കാരണം എനിക്ക് കളിപ്പാട്ടം വാങ്ങിത്തരാൻ പോലും അമ്മയ്ക്ക് കഴിയുന്നില്ലെന്നും വേഗം ശന്പളം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഒന്നാം ക്ലാസുകാരനായ മകൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കരിപ്പാൽ എസ്വിയുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ഏദൻ ജോസഫ് ആണ് തന്റെ സങ്കടം കത്തിലൂടെ മൂഖ്യമന്ത്രിയെ അറിയിച്ചത്.
ഏദന്റെ അമ്മ മൂന്നു വർഷമായി കരിപ്പാൽ എസ്വിയുപി സ്കൂളിൽ അധ്യാപികയാണെങ്കിലും ഇതുവരെ ശന്പളം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏദൻ ജോസഫ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പ്രിയപ്പെട്ട മുഖ്യമന്ത്രി എന്ന് അഭിസംബോധന ചെയ്താണ് കത്താരംഭിക്കുന്നത്.
""അമ്മ കുറെ നാളായി സ്കൂളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞാൻ എന്തെങ്കിലും വാങ്ങിത്തരാൻ പറയുന്പോൾ പറയും ശന്പളം കിട്ടട്ടെ എന്ന്. എപ്പഴാ ശന്പളം കിട്ടുന്നത് എന്നു ചോദിച്ചപ്പോൾ അറിയില്ല എന്നു പറഞ്ഞു. ഒരു മോൺസ്റ്റർ ട്രക്ക് ടോയി വേണമെന്ന് കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നു. അതിന് ആയിരം രൂപയാണെന്ന് അമ്മ പറഞ്ഞു. അച്ചയ്ക്കും പൈസയില്ല എന്നു പറഞ്ഞു. അതു കൊണ്ട് അമ്മയ്ക്ക് വേഗം ശന്പളം കൊടുക്കൂ. പ്ലീസ് '' എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.