വെന്പുഴയിലെ പുറന്പോക്ക് തർക്കം: രേഖകളുടെ പരിശോധന തുടങ്ങി
1492795
Sunday, January 5, 2025 8:18 AM IST
എടൂർ: ആറളം,അയ്യൻകുന്ന് പഞ്ചായത്തുകളെ വേർതിരിക്കുന്ന വെമ്പുഴയുടെ പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പ്രത്യേകസംഘം രേഖകൾ പരിശോധിച്ചു തുടങ്ങി. ആറളം വില്ലേജ് ഓഫീസിൽ ഇന്നലെ നടത്തിയ ആദ്യഘട്ട പരിശോധനയിൽ അന്പതോളം രേഖകൾ പരിശോധിച്ചു.
ഡിജിറ്റൽ റീ സർവേയുടെ ഭാഗമായി കരിക്കോട്ടക്കരി, ആറളം വില്ലേജുകളിൽ പുഴയുടെ ഇരുകരകളിലുമുള്ള നിരവധി കർഷകരുടെ വീടും കൃഷിയിടങ്ങളും പുറന്പോക്കായാണ് അടയാളപ്പെടുത്തിയിരുന്നത്. 1970 ലെ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പ്രൊവിഷണൽ സർവേ അടിസ്ഥനമാക്കി ഇപ്പോൾ നടത്തുന്ന ഡിജിറ്റൽ സർവേക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ലാൻഡ് റവന്യു കമ്മീഷന്റെ നിർദേശപ്രകാരം രേഖകളുടെ പരിശോധന നടത്തുന്നത്.
ആറളം വില്ലേജ് ഓഫീസിൽ നടത്തിയ പരിശോധനയിൽ ഇരിട്ടി ഭൂരേഖ തഹസിൽദാർ എം. ലക്ഷ്മണൻ, ജൂണിയർ സൂപ്രണ്ട് രാധ എനിയേരി,സീനിയർ ക്ലാർക്കുമാരായ മനോജ്കുമാർ, ദീപേഷ്, ആറളം കരിക്കോട്ടക്കരി വില്ലേജ് ഓഫിസർമാരായ ടി.കെ. സുധീഷ്, രാജു കെ. പരമേശ്വരൻ, മറ്റ് സ്റ്റാഫ് അംഗങ്ങളായ ഷീജ, പ്രകാശൻ, മണികണ്ഠൻ, കർമസമിതി കൺവീനർ വി.കെ. ജോസഫ് എന്നിവർ പങ്കെടുത്തു.