രക്ഷവേണം കർഷകന്; കർഷക കോൺഗ്രസ് വാഹനപ്രചാരണ ജാഥ ഇന്നും മറ്റന്നാളും
1598725
Saturday, October 11, 2025 12:49 AM IST
തൃശൂർ: രക്ഷവേണം കർഷകന് എന്ന മുദ്രാവാക്യമുയർത്തി കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണജാഥ ഇന്നും മറ്റന്നാളും ജില്ലയിൽ പര്യടനം നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു, ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജാഥയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്പതിനു ചേലക്കരയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് നിർവഹിക്കും. എം.പി. വിൻസെന്റ് മുഖ്യാതിഥിയാകും. 10.30നു വടക്കാഞ്ചേരി ഓട്ടുപാറ, ഉച്ചയ്ക്കു 12.30നു പട്ടിക്കാട് ജംഗ്ഷൻ, 1.30നു മരോട്ടിച്ചാൽ, 3.30നു വരന്തരപ്പിള്ളി ജംഗ്ഷൻ, 4.30നു കോടാലി സെന്റർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം സമാപനം ആറിനു പരിയാരം സെന്ററിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
നെല്ലിന്റെ സംഭരണവില 35 രൂപയാക്കുക, സംഭരണം സർക്കാർ ഏറ്റെടുക്കുക, സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക, റബറിന് 200 രൂപ നിരക്കിൽ വിലസ്ഥിരതാഫണ്ട് അനുവദിക്കുക, റബർകൃഷിക്കു കാർബൺ ഫണ്ട് ലഭിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുക, റബറിനു കേരപദ്ധതിയിൽ 14 ജില്ലകളെയും ഉൾപ്പെടുത്തി ആവർത്തനകൃഷിക്കും പുതിയ കൃഷിക്കും സബ്സിഡി നൽകുക, പ്രകൃതിക്ഷോഭങ്ങളുടെ നഷ്ടപരിഹാരത്തുകകൾ ഉടൻ നൽകുക, കാർഷിക ക്ഷേമനിധി ബോർഡിന്റെ ദുരവസ്ഥ പരിഹരി ക്കുക, വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറിമാരായ കെ.എൻ. സജീവൻ, മറായി കെ. ദേവസി, ജില്ലാ സെക്രട്ടറി ഷാജി ചിറ്റിലപ്പിള്ളി എന്നിവരും പങ്കെടുത്തു.