70,000ത്തിലേറെ പുസ്തകങ്ങൾ: എൽഎഫ് കോളജിന്റെ ഹൈടെക് ലൈബ്രറി ഉദ്ഘാടനം നാളെ
1598157
Thursday, October 9, 2025 1:25 AM IST
ഗുരുവായൂർ: എൽഎഫ് കോളജിന്റെ ഹൈടെക് ലൈബ്രറി നാളെ വിദ്യാർഥികൾക്കും സമൂഹത്തിനുമായി തുറന്ന കൊടുക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ജെ. ബിൻസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. അന്ന മറിയ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്നുനിലകളിലായാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഉപകാരപ്രദമാകുന്ന ഡിജിറ്റൽ വിംഗ്- സെർച്ച് ഡോം തയാറായി. ഗവേഷകർക്ക് മാത്രമായി സ്കോളേഴ്സ് ഹബ്, അധ്യാപകർക്ക് നോളജ് പവലിയൻ, വിദ്യാർഥികൾക്ക് വായനയ്ക്കും ചർച്ചകൾക്കുമായി ഗാർഡൻ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്.
പുതിയ ലൈബ്രറി തുറക്കുന്നതോടൊപ്പം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പുക്കോട് പ്രൈമറി ഹെൽത്ത് സെന്ററിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 500ഓളം പുസ്തകശേഖരവുമായി ചെറിയ വായനശാലയും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അംഗത്വത്തിലൂടെ ലൈബ്രറി ഉപയോഗിക്കാം.
വെള്ളിയാഴ്ച രാവിലെ 10ന് കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തിൽ സിസ്റ്റർ ഡോ.എ.ജെ. ജോയ്സി, ഡോ. സിതാര കെ.ഉറുമ്പിൽ, ഡോ. ജൂലി ഡൊമിനിക്, ഡോ.പി.ജി. ജസ്റ്റിൻ, കോളജ് വൈസ് ചെയർമാൻ അഞ്ജലി നായർ എന്നിവരും പങ്കെടുത്തു.