കൊരട്ടി മുത്തിയുടെ തിരുനാൾ: റോസറി വില്ലേജ് ഡേ ആഘോഷിച്ചു
1598577
Friday, October 10, 2025 7:16 AM IST
കൊരട്ടി: മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുതപ്രവർത്തകയായ കൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് റോസറി വില്ലേജ് ഡേ ആഘോഷിച്ചു.
ദേവാലയത്തിലെ മുഖ്യ ആകർഷണമായ കൊന്ത ഗ്രാമത്തിൽ ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ഡിന്റോ മാണിക്കത്താൻ കാർമിനായി. തുടർന്ന് നടന്ന ജപമാല പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പള്ളിയോടു ചേർന്ന് കിടക്കുന്ന ഒരേക്കർ ഭൂമിയിൽ കൊന്തയിലെ 20 രഹസ്യങ്ങളുടെ കലാരൂപങ്ങളും 60 ലോകഭാഷയിൽ നന്മ നിറഞ്ഞ മറിയമെ എന്ന പ്രാർഥനയും മനോഹരമായ പിയാത്തെയും പൂന്തോട്ടവും സുന്ദരമായ കവാടവും പത്മാസന രൂപനായ ഈശോയും യഹൂദ പാരമ്പര്യത്തിലെ മിനാറെയും കൊന്ത ഗ്രാമത്തിലെ മുഖ്യ ആകർഷണമാണ്.
മാതൃഭക്തിയുടെ നിറവിൽ ജപമാലയുമായി മാതാവിന്റെ മാധ്യസ്ഥവും അനുഗ്രഹവുംതേടി പതിനായിരങ്ങൾ തിരുനാൾ ദിനങ്ങളിൽ നാടിന്റെ വിവിധയിടങ്ങളിൽനിന്നും ഇവിടെയെത്തും.
ഇന്നു വൈകീട്ട് അഞ്ചിന് ഇടവക ജനങ്ങളുടെ പൂവൻകുല സമർപ്പണം നടക്കും. രാവിലെ 5.30 നും ഏഴിനും വൈകീട്ട് അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. നാളെയും മറ്റന്നാളുമാണു തിരുനാൾ.