മാതാപിതാക്കളുടെ ഓർമയിൽ നിർധന കുടുംബങ്ങൾക്കു വീട്
1598156
Thursday, October 9, 2025 1:25 AM IST
തൃശൂർ: മാതാപിതാക്കളുടെയും വഴികാട്ടിയായ വൈദികന്റെയും സ്മരണയിൽ നിർധനരായ മൂന്നു കുടുംബങ്ങൾക്കു വീട് നിർമിച്ചുനൽകാൻ റിട്ട. അധ്യാപകൻ.
സെന്റ് തോമസ് കോളജിൽനിന്ന് വിരമിച്ച ഡോ. ഫ്രാൻസി ചാഴൂരാണ് വേറിട്ട സ്മരണാഞ്ജലിയർപ്പിക്കുന്നത്. മാതാപിതാക്കളായ വടക്കാഞ്ചേരി ചാഴൂർ ഫ്രാൻസീസ്, ചിറയത്ത് (പച്ച) സെലീന, പൊതുരംഗത്തേക്കു വഴിനടത്തിയ കെസിവൈഎം സ്ഥാപകസാരഥി മോണ്‍. തോമസ് തലച്ചിറ എന്നിവരുടെ ഓർമയ്ക്കായി മൂന്നു വീടുകളാണ് നിർമിക്കുക.
11നു ലൂർദ് കത്തീഡ്രലിൽ നടക്കുന്ന അനുസ്മരണബലിക്കുശേഷം കിഴക്കുംപാട്ടുകര റോഡിലെ ഡോ. ഫ്രാൻസിയുടെ വസതിയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ വീടുകളുടെ ശിലാസ്ഥാപനം നടക്കും. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
തൃശൂർ കുറുമാൽ ഗാഗുൽത്ത ധ്യാനകേന്ദ്രം ഡയറക്ടർ റവ.ഡോ. ഡേവിഡ് പേരാമംഗലം ശിലകളുടെ ആശീർവാദവും അനുഗ്രഹപ്രഭാഷണവും നടത്തും. മുൻമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, കെ. രാധാകൃഷണൻ എംപി, ഡോ.പി. ഭാനുമതി, എംഎൽഎമാരായ എ.സി. മൊയ്തീൻ, പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ്കുമാർ ജോസഫ്, മുരളി പെരുനെല്ലി, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗണ്‍സിലർ ജോണ്‍ ഡാനിയൽ, പ്രഫ. പി.എൻ. പ്രകാശ്. ഡോ വി.ടി. ഹരിദാസ്. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, എം.പി. പോളി, ഫാ. ജിയാന്റോ മാഞ്ഞൂരാൻ, ഡേവിസ് കണ്ണനായ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും. 10 ലക്ഷം രൂപവീതം ചെലവിൽ 700 ചതുരശ്രഅടി വിസ്തീർണത്തിലാണ് വീടുകൾ പണിയുക. വടക്കാഞ്ചേരി, കിഴക്കുംപാട്ടുകര എന്നിവിടങ്ങളിൽ മൂന്നുസെന്റ് സ്ഥലത്താണ് വീടു നിർമിക്കുന്നത്.