കാണാതായ വിദ്യാർഥിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
1598051
Wednesday, October 8, 2025 11:04 PM IST
ചാവക്കാട്: കടപ്പുറം വട്ടേക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഒരുമനയൂര്‍ തെക്കേതല മഹല്ല് പള്ളിക്കുളത്തില്‍നിന്ന് കണ്ടെത്തി. വട്ടേക്കാട് കണ്ടാരശേരി സുബൈർ - റംഷി ദമ്പതികളുടെ മകന് മുഹമ്മദ് റസലാ(15)ണ് മരിച്ചത്.
തൃത്തല്ലൂര്‍ കമല നെഹ്റു സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ റസലിനെ ചൊവ്വാഴ്ച്ച വൈകീട്ടാണ് കാണാതായത്. രാത്രിയായിട്ടും വിവരവും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
അന്വേഷണത്തില്‍ ഒരുമനയൂര്‍ റഗുലേറ്റര്‍ പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉള്ളതായി അറിഞ്ഞു. ഇവിടത്തെ പൊന്തക്കാടുകളിലും ഒഴിഞ്ഞുകിടക്കുന്ന വള്ളങ്ങളിലും നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തി. ഇതിനിടെ പള്ളിക്കുളത്തിന്റെ കരയില്‍ ചെരിപ്പും വസ്ത്രവും കണ്ടു. പള്ളിയിലെ നിരീക്ഷണ കാമറയിൽ റസലും കൂട്ടുകാരനും കുളത്തില്‍ കുളിക്കാനെത്തുന്നതിന്റെയും കൂട്ടുകാരന് പിന്നീട് ഓടിപോകുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു.
ഗുരുവായൂര്‍ അഗ്നിരക്ഷാസേന കുളത്തില്‍ നടത്തിയ തെരച്ചിലിൽ ഇന്നലെ പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി. റസല്‍ കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച കൂട്ടുകാരന് വീട്ടിലെത്തി ഇക്കാര്യം ആരോടും പറയാതെ ഭയന്ന് കഴിയുകയായിരുന്നു. കബറടക്കം നടത്തി. സഹോദരൻ: സഹൽ.