റിംഗ് റോഡിൽ കട്ടവിരിക്കലിന് നാളെ തുടക്കമാകും
1597907
Wednesday, October 8, 2025 1:45 AM IST
തൃശൂർ: തകർന്നു തരിപ്പണമായ കെഎസ്ആർടിസി റിംഗ് റോഡിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനായുള്ള നിർമാണപ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും.
കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഇന്നലെ മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് മേയറും, ഇന്നുമുതൽ ആരംഭിക്കുമെന്ന് ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിയും അറിയിച്ചിരുന്നു. പോലീസിന്റെ നിർദേശപ്രകാരമാണ് നിർമാണം ആരംഭിക്കുന്നത് നാളേക്കു മാറ്റിയതെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചു.
57 ലക്ഷം രൂപ ചെലവിൽ കെഎസ്ആർടിസി സ്റ്റാൻഡിന്റെ തെക്കുഭാഗമായ പെട്രോൾ പമ്പിനു മുൻവശത്തുള്ള റോഡിന്റെ ഒന്നാംഘട്ട പ്രവർത്തങ്ങൾക്കാണ് നാളെ തുടക്കമാകുക. ബാക്കി പ്രവർത്തങ്ങൾക്ക് ആവശ്യമായ 20 ലക്ഷം രൂപ ഡിവിഷൻ ഫണ്ടിൽനിന്ന് എടുക്കേണ്ടിവരുമെന്ന് ഡിവിഷൻ കൗൺസിലർ അറിയിച്ചിരുന്നെങ്കിലും അതിനു സാധ്യത കുറവാണെന്നും ആ തുകയും കോർപറേഷൻ എടുക്കേണ്ടിവരുമെന്ന് മേയർ അറിയിച്ചു. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് റോഡ് ജനങ്ങൾക്കായി തുറന്നുനൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡിന്റെ ശോചനീയാവസ്ഥ:
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
തൃശൂർ: കെഎസ്ആർടിസി റിംഗ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എതിരേ യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സുമേഷ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് ചാണ്ടി, ഡെൽജിൻ ഷാജു, നിഖിൽ വടക്കൻ, ഷിനോജ് ഷാജു, എം.എച്ച്. ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.