നെഹ്റു പാർക്ക് ഇനി അഡ്വഞ്ചർ പാർക്ക്
1598144
Thursday, October 9, 2025 1:25 AM IST
സി.ജി. ജിജാസൽ
തൃശൂർ: സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് ഇനി നഗരഹൃദയത്തിലും ആവേശംപകരുന്ന പുതിയ അനുഭവങ്ങൾ കാത്തിരിക്കുന്നു. നഗരമധ്യത്തിലുള്ള നെഹ്റു പാർക്കിൽ ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്ന അഡ്വഞ്ചർ പാർക്ക് ഈ മാസംതന്നെ തുറന്നുനൽകിയേക്കും.
ഒരു കോടിയിലധികം രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന ഈ കേന്ദ്രം കുട്ടികൾക്കു വിനോദത്തോടൊപ്പം സാഹസികതയുടെയും അനുഭവം പകരും. പാർക്കിനുള്ളിലെ തണൽമരങ്ങളുടെ താഴെ പണിതീർത്തിട്ടുള്ള ആക്ടിവിറ്റീസ് മേഖല ഇപ്പോൾതന്നെ ശ്രദ്ധയാകർഷിക്കുകയാണ്.
ഇവയാണ്
ആക്ടിവിറ്റികൾ
പുതിയ സംവിധാനത്തിൽ നിരവധി സാഹസിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിപ്ലൈൻ - വായുവിലൂടെ സ്ലൈഡ് ചെയ്യുന്ന അനുഭവം, സുരക്ഷാസംവിധാനങ്ങളോടെ.
ക്ലൈംബിംഗ് വാൾ - ചാടലും പിടിച്ചുയരലുമുള്ള രസകരമായ ഫിസിക്കൽ ആക്ടിവിറ്റി.
മൾട്ടിസ്റ്റേഷൻ - വ്യത്യസ്ത കളികളുടെയും ചലനങ്ങളുടെയും സംയോജനം.
സെൽഫി പോയിന്റ് - കുട്ടികൾക്കും രക്ഷിതാക്കൾക്കും സെൽഫി പകര്‍ത്താൻ മനോഹരമായ ബാക്ക്ഡ്രോപ്പ്.
പെബിൾ വാക്ക് - പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന സൗമ്യമായ ആക്ടിവിറ്റി.
സർപ്രൈസ് ശില്പം
ഉദ്ഘാടനത്തിനു മുന്നോടിയായി പാർക്കിൽ സ്ഥാപിക്കുന്ന പ്രത്യേക ശില്പം ഇപ്പോൾതന്നെ കൗതുകമുണർത്തുന്നു. “അത് ഒരു സർപ്രൈസ് ആകും” എന്നു ടൂറിസം വകുപ്പ് അധികൃതർ.
മേൽനോട്ടം
കോർപറേഷന്
പദ്ധതിയുടെ നിർമാണം പൂര്‍ത്തിയായതോടെ, തൃശൂർ കോർപറേഷനാണ് മേൽനോട്ടവും തുടർപരിപാലനചുമതലയും ഏറ്റെടുക്കുന്നത്.
ഒരുവർഷം മുൻപ് ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയായ സാഹചര്യത്തിൽ, നവീകരിച്ച നെഹ്റു പാർക്ക് ഉടൻതന്നെ കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രിയപ്പെട്ട വിനോദകേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.