കോർപറേഷൻ വികസനസദസ് ബഹിഷ്കരണ സദസായി
1598723
Saturday, October 11, 2025 12:49 AM IST
തൃശൂർ: വികസനപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനായി നടത്തിയ കോർപറേഷൻ വികസനസദസ് പ്രതിപക്ഷത്തോടൊപ്പം ബഹിഷ്കരിച്ച് ഭരണപക്ഷത്തെ സിപിഐയും. ജനങ്ങളുടെ പണമെടുത്ത് തെരഞ്ഞെടുപ്പുപ്രചരണത്തിനായി നടത്തുന്ന പ്രഹസനത്തിനു കൂട്ടുനിൽക്കില്ലെന്നു വ്യക്തമാക്കി ബിജെപിയും സദസ് ബഹിഷ്കരിച്ചു.
രണ്ടുദിവസമായി സംഘടിപ്പിച്ച പരിപാടിയുടെ ആദ്യദിനം കഴിഞ്ഞപ്പോഴാണ് തങ്ങളെ ഇക്കാര്യം അറിയിച്ചതെന്നായിരുന്നു ബഹിഷ്കരിച്ചവരുടെ മറുപടി. വികസനസദസിന്റെ നോട്ടീസിൽ പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേരുചേർക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐയുടെ സ്ഥിരംസമിതി അധ്യക്ഷ സാറാമ്മ റോബ്സൺ ആദ്യദിവസംതന്നെ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനുപിറകെയാണ് ഇന്നലെ നടന്ന പരിപാടി സിപിഐയുടെയും യുഡിഎഫിന്റെയും ബിജെപിയുടെയും കൗൺസിലർമാർ ബഹിഷ്കരിച്ചത്.
വേദിയിൽ നിരത്തിയ കസേരകളിൽ പലതും ഒഴിഞ്ഞുകിടന്നു. മുൻമേയർമാരെ ആദരിക്കുന്ന ചടങ്ങിൽ അജിത ജയരാജൻ മാത്രമാണ് എത്തിയിരുന്നത്.
ഇത്തരം ഒരു സദസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കൗൺസിലിൽ അറിയിക്കുകയോ യോഗം വിളിക്കുകയോ ചെയ്യാതെ തലേദിവസം ക്ഷണിക്കുന്ന രീതി ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. തട്ടിപ്പുപരിപാടിക്കു ജനങ്ങളുടെ പണം ഉപയോഗിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണിതെന്നും ബിജെപി പാർലമെന്ററി പാർട്ടിനേതാവ് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു.
ഭരണപക്ഷത്താണെങ്കിലും ഘടകകക്ഷിനേതാവായ തന്നെപ്പോലും ഒരു പരിപാടിയും അറിയിക്കുകയോ കൂടിയാലോചനകൾക്കു വിളിക്കുകയോ ചെയ്യാറില്ലെന്നും അതിനാലാണ് പരിപാടി ബഹിഷ്കരിച്ചതെന്നും ഭരണമുന്നണിയിലെ ഷീബ ബാബുവും, സ്വതന്ത്ര ഭരണപക്ഷ കൗൺസിലർ സി.പി. പോളിയും വ്യക്തമാക്കി. അതേസമയം, തന്റെ അഭാവം ബഹിഷ്കരണമല്ലായിരുന്നുവെന്നും ഡിവിഷനിലെ തിരക്കുകൾകൊണ്ടായിരുന്നുവെന്നും ആദ്യദിനം പങ്കെടുത്തിരുന്നുവെന്നും ഡെപ്യൂട്ടി മേയർ എം.എൽ. റോസി അറിയിച്ചു.
സിപിഐ ബഹിഷ്കരണം നടത്തിയപ്പോഴും സദസ് ഉദ്ഘാടനംചെയ്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായി വി.എസ്. പ്രിൻസ് ആണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എന്ന പദവിയുടെ പേരിലാണ് അദ്ദേഹം പങ്കെടുത്തതെന്നായിരുന്നു ഇതേക്കുറിച്ച് സാറാമ്മ റോബ്സന്റെ പ്രതികരണം.
മേയർ എം.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത ജയരാജൻ, സെക്രട്ടറി പി.വി. ഷിബു, സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ തുടങ്ങിയവർ പങ്കെടുത്തു.
തൊഴുത്തു പോലെയായിരുന്ന കോർപറേഷൻ
ഇപ്പോൾ സെൽഫി പോയിന്റ്: മേയർ
ഘട്ടം ഘട്ടമായി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയതിലൂടെ 1500 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് സാധിച്ചുവെന്നു മേയർ എം.കെ. വർഗീസ്. കുടിവെള്ളം ഉൾപ്പെടെ എല്ലാവർക്കും സമഗ്രമായ വികസനം എത്തിക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. നഗരത്തെ ഏഷ്യയിലെതന്നെ ആദ്യ ലേണിംഗ് സിറ്റിയാക്കി മാറ്റാനും രാജ്യത്തെതന്നെ ആദ്യ ആകാശപ്പാത നടപ്പാക്കാനും കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ പറഞ്ഞു.
താൻ വരുമ്പോൾ വരുന്നവരും പോകുന്നവരും കയറിയിറങ്ങുന്നവിധം തൊഴുത്തുപോലെ ഉണ്ടായിരുന്ന കോർപറേഷൻ ഓഫീസ് സെൽഫി പോയിന്റ് പോലെയാക്കാൻ കഴിഞ്ഞതും ഈ ഭരണത്തിന്റെ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.