പക്ഷിശല്യം: അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദേശം
1597908
Wednesday, October 8, 2025 1:45 AM IST
തൃശൂർ: സീസൺ കഴിഞ്ഞിട്ടും ഒഴിഞ്ഞുപോകാത്ത ദേശാടനക്കിളികൾ പൊതുജനങ്ങൾക്കുണ്ടാക്കുന്ന ദുരിതത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾക്ക് കളക്ടറേറ്റിൽ എത്തുന്നവർക്ക് പക്ഷികൾ മൂലമുണ്ടാകുന്ന പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അയ്യന്തോൾ ജനകീയ സമിതി മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നഗരത്തിലെന്പാടും ദേശാടനക്കിളികൾ ദുരിതമുണ്ടാക്കുന്ന വിഷയം ദീപിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
വർഷങ്ങളായി തുടരുന്ന ദുരിതത്തിന് പരിഹാരം കാണാൻ നേരത്തെ ഏതാനും പാഴ്മരങ്ങൾ മുറിച്ചുനീക്കിയിരുന്നെങ്കിലും കിളികളുടെ ശല്യത്തിൽ ഇതുവരെയും കുറവുവന്നിട്ടില്ല.
മരങ്ങളിൽ തമ്പടിച്ച ഇവയുടെ കാഷ്ടം വഴിയാത്രക്കാരുടെ ദേഹത്തുവീഴുന്നതും മഴയിൽ ഇവ നനഞ്ഞുണ്ടാകുന്ന ദുർഗന്ധവും അസഹനീയമാണ്. ഉണങ്ങിയ കാഷ്ഠത്തിന്റെ പൊടികൾ കാറ്റിൽ വ്യാപിക്കുന്നതും പക്ഷികൾ ചത്തുവീഴുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശമെന്ന് സമിതി കൺവീനർ ജെയിംസ് മുട്ടിക്കൽ പറഞ്ഞു.