കോർപറേഷൻ വികസനസദസ് നാളെ
1598151
Thursday, October 9, 2025 1:25 AM IST
തൃശൂർ: ഭരണസമിതിയുടെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കോർപറേഷന്റെ നേതൃത്വത്തിൽ വികസനസദസ് സംഘടിപ്പിക്കുന്നു. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ പോകുന്ന വേളയിലാണ് നേട്ടങ്ങളും വികസനപ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ നാളെ ടൗണ്‍ഹാളിൽ വികസനസദസ് സംഘടിപ്പിക്കുന്നത്. സദസിനോടനുബന്ധിച്ച് ഇന്നും നാളെയും കൗണ്‍സിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയുള്ള പ്രദർശനം, വിവരണങ്ങൾ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ, ആദരിക്കൽചടങ്ങ് എന്നിവയും നടക്കും.
തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുന്പ് പ്രധാനപ്പെട്ട ഉദ്ഘാടനങ്ങളും നിർമാണോദ്ഘാടനങ്ങളും പൂർത്തിയാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം. ഐ.എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ്, അതിദരിദ്രർക്കുള്ള മാറ്റാന്പുറത്തെ ഫ്ളാറ്റ് കൈമാറൽ, പാലസ് ഗ്രൗണ്ട് നവീകരണം, സംസ്ഥാനത്തെ ആദ്യ അനിമൽ ക്രിമറ്റോറിയം, 55 ഡിവിഷനുകളിലേക്ക് 200 ഹൈമാസ്റ്റ് ലൈറ്റുകൾ, മുളയം കുടിവെള്ളപദ്ധതി, ജനറൽ ആശുപത്രിയിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് ഉൾപ്പെടെയുള്ള പദ്ധതികളുടെ സമർപ്പണവും വിവിധ പദ്ധതികളുടെ നിർമാണ ഉദ്ഘാടനങ്ങളും ഇക്കാലയളവിൽ നടത്തും.
കോർപറേഷനു സ്റ്റാർ റേറ്റിംഗ് കിട്ടിയതിന്റെ ഭാഗമായി ശുചിത്വമിഷന്റെ നിർദേശപ്രകാരം സെവൻ സ്റ്റാർ പദവിയുള്ള പനാജി സിറ്റി കൗണ്‍സിലർമാരും ഉദ്യോഗസ്ഥരും സന്ദർശിക്കും. മാലിന്യസംസ്കരണ പഠനാർഥമായി നടത്തുന്ന യാത്രയുടെ ചെലവുകൾ സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 കപ്പാസിറ്റി ബിൽഡിംഗ് ഫണ്ടിൽനിന്നു ലഭ്യമാക്കും. ഇത് ഒരു അംഗീകാരമാണെന്നും മേയർ എം.കെ. വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സണ് എന്നിവരും പങ്കെടുത്തു.