കുടുംബാരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ക്കു നല്കിയ ഗുളികയെക്കുറിച്ച് പരാതി
1598158
Thursday, October 9, 2025 1:25 AM IST
വരന്തരപ്പിള്ളി: കലവറക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രഷര്‍ രോഗികള്‍ക്ക് നല്കിയ ഗുളികകള്ക്കെതിരേ പരാതി. കഴിഞ്ഞമാസം നല്കിയ ഗുളികളാണ് പൊട്ടിക്കാന്കഴിയാത്ത രീതിയിലുള്ളതാണെന്ന് പരാതിയുയര്‍ന്നത്.
പകുതി കഴിക്കേണ്ടവര്‍ക്ക് ഈ ഗുളികകള്‍ പൊട്ടിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ആക്ഷേപം. 'മെറ്റോപ്രോലോള്‍' എന്ന ഗുളികയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഗുളികകള്‍ ലഭിച്ചവര്‍ പലരും പരാതിയുമായെത്തിയപ്പോള്‍ ഇവ മാറ്റി നല്‍കിയതായും പറയുന്നു. 50 മില്ലിഗ്രാം ഗുളികയുടെ പകുതി കഴിക്കേണ്ടിവന്നയാള് ഗുളിക മുറിക്കാന്‍ നോക്കിയപ്പോഴാണ് റബര്പോലെയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഹൃദ്രോഗിയായ വേലൂപ്പാടം കിണര്‍ സ്വദേശി കൊമ്മന്ഞ്ചേരി ഹംസ 10 ദിവസത്തോളം കഴിച്ചതായും സംശയം തോന്നി ആശുപത്രിയിലെത്തി വിവരം പറഞ്ഞപ്പോള്‍ ഗുളിക മാറ്റിനല്‍കുകയായിരുന്നു.
സംഭവത്തില്‍ നിയമനടപടിയുമായി പോകുകയാണെന്ന് ഹംസ പറഞ്ഞു. കഴിഞ്ഞമാസം പലര്‍ക്കും ഈ ഗുളിക വിതരണം ചെയ്തു. പിന്നീട് ഇവരെല്ലാം ആശുപത്രിയില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡിഎംഒയ്ക്കും ഫാര്‍മസിസ്റ്റ് വിഭാഗത്തിലും വിവരമറിയിച്ചു.
പരാതിയുയര്‍ന്ന മരുന്നുകളുടെ വിതരണം നിര്‍ത്തിവയ്ക്കുകയും ഗുളിക പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പിഡിപി പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി.