തകർന്നടിഞ്ഞ് വെളുത്തൂർ അടമ്പുംചാൽ റോഡ്: കാൽനടപോലും ദുഷ്കരം
1598705
Saturday, October 11, 2025 12:49 AM IST
അരിമ്പൂർ: കനത്തമഴയിൽ മുങ്ങിയ വെളുത്തൂർ വാരിയം കോൾപ്പാടശേഖരത്തിലെ അടമ്പുംചാൽ റോഡ് വെള്ളമിറങ്ങിയതോടെ ഉപയോഗശൂന്യം. റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തവിധം കല്ലും മണ്ണും വന്നടിഞ്ഞതായി കർഷകർ പറഞ്ഞു.
കൃഷിയിടത്തിലും മണ്ണുനിറഞ്ഞ് ദുരിതത്തിലായെന്നും കർഷകർ. ബണ്ട് റോഡിൽ ഇപ്പോൾ നടന്നുപോകാൻ പോലും ബുദ്ധിമുട്ടാണ്. കർഷകർക്ക് വാഹനസഞ്ചാരത്തിന് റോഡിലെ തടസം മുഴുവൻ നീക്കേണ്ടതുണ്ട്. വെള്ളമിറങ്ങിയിട്ടും കെഎൽഡിസി അധികൃതർ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി.
ഈ മാസം 28ന് കൃഷിയിറക്കേണ്ട പടവാണിത്. പാടശേഖര സമിതിയുടെ ആവശ്യപ്രകാരം വാരിയംകോളിലും വിളക്കുമാടം പടവിലും അശാസ്ത്രീയമായി ഇട ബണ്ട് റോഡ് ഉയർത്തിപ്പണിതതിനെതിരേ ഒരു വിഭാഗം കർഷകർ പ്രതിഷേധിച്ചിരുന്നു.
650 മീറ്റർ നീളമുള്ള അടമ്പുംചാൽ ബണ്ട് റോഡ് 1.7 മീറ്ററാണ് ഉയർത്തി നിർമിച്ചത്. ഇതുമൂലം മഴക്കാലത്ത് പാടശേഖരത്ത് എത്തുന്ന വെള്ളം ബണ്ടിന്റെ ഉയരക്കൂടുതൽ മൂലം കടന്നുപോവാനാകാതെ ബുദ്ധിമുട്ടിലായിരുന്നു. സമീപത്തുള്ള വാരിയംകോൾപ്പടവിലും അവസ്ഥ സമാനമായിരുന്നു. പാടശേഖരസമിതിയുടെ ആവശ്യപ്രകാരമാണ് കെഎൽഡിസി ഇത്തരത്തിൽ ബണ്ട് നിർമിച്ചത് എന്നായിരുന്നു ആക്ഷേപം.
ബണ്ടിന്റെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി കെഎൽഡിസി ക്കെതിരേ വിജിലൻസിൽ പരാതിയും നിലവിലുണ്ട്. അടമ്പുംചാൽ ബണ്ടിനോടുചേർന്നുള്ള കൃഷിയിടത്തിൽ അഞ്ചും ആറും മീറ്റർ ഉയരത്തിൽ മണ്ണ് വന്നടിഞ്ഞുകിടക്കുകയാണെന്ന് കർഷകർ പറഞ്ഞു.