ലോറിയിടിച്ച് റെയില്‍വേ ഗേറ്റ് വൈദ്യുതികമ്പിയിലേക്കു വീണു
1598709
Saturday, October 11, 2025 12:49 AM IST
പുതുക്കാട്: ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് വൈദ്യുതി കമ്പിയില്വീണു. ഗേറ്റ് വൈദ്യുതി കമ്പിയില്‍ തടഞ്ഞുനിന്നു. ഹൈ വോള്‍ട്ടേജ് വൈദ്യുതി പ്രവഹിക്കുന്ന സമയമായതിനാല്‍ ലോറിയുടെ മുകളിലേക്ക് തീപ്പൊരി ചിതറിയെങ്കിലും ഗ്യാസ് സിലിണ്ടറുകളില്‍ തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കൊച്ചിയില്‍നിന്ന് ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയാണ് റെയില്‍വേ ഗേറ്റില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗേറ്റ് മുറിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്സ്പ്രസിന് പോകാന്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ ലോറി കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗേറ്റില്‍ ഇടിച്ചതറിയാതെ ലോറി മുന്നോട്ടെടുത്തു.
നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ലോറി പിന്നിലേക്കു മാറ്റിയത്. റെയില്‍വേ ജീവനക്കാരെത്തി വൈദ്യുതി കമ്പിയില്‍നിന്ന് ഗേറ്റ് മാറ്റി. ചാലക്കുടിയില്‍നിന്ന് റെയില്‍വേ എൻജിനീയര്‍ വിഭാഗം സ്ഥലത്തെത്തി വൈദ്യുതി കമ്പിയിലെ അറ്റകുറ്റപ്പണികള്‍ നടത്തി. അപകടത്തെത്തുടര്‍ന്ന് ഇരുഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു.
രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഗേറ്റ് തകര്‍ന്നതോടെ പുതുക്കാട്, ഇരിങ്ങാലക്കുട, ഊരകം റോഡിലും ഗതാഗതം തടസപ്പെട്ടു.