കാട്ടൂരിലെ കിണറുകളിലെ രാസമാലിന്യം; മണ്ണുപരിശോധനാ റിപ്പോര്‍ട്ട് കൈമാറി
1598145
Thursday, October 9, 2025 1:25 AM IST
കാട്ടൂര്‍: കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ മണ്ണുപരിശോധനാ റിപ്പോര്‍ട്ട് പഞ്ചായത്തിനു കൈമാറി. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നേരിട്ടെത്തി കോളജ് പ്രിന്‍സിപ്പല്‍ ടി.എ. സോളമനില്നിന്നാണ് റിപ്പോര്‍ട്ട് വാങ്ങിയത്.
ചെന്നൈ ലാബില്‍ നടത്തിയ മണ്ണിന്റെ പരിശോധനാഫലവും ഇതുസംബന്ധിച്ച പ്രായോഗിക നടപടികളുമാണ് റിപ്പോര്‍ട്ടിലുള്ളത്. വിശദാംശങ്ങള്‍ പഞ്ചായത്തോ ഗവ. എന്‍ജിനീയറിംഗ് കോളജ് അധികൃതരോ പുറത്തു വിട്ടിട്ടില്ല.
മണ്ണുപരിശോധനാഫലം കിട്ടിയശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാകൂയെന്ന് മുമ്പ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഏതെല്ലാം രാസവസ്തുക്കളുടെ സാന്നിധ്യമാണ് മണ്ണില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്നു പരിശോധനാഫലത്തില്‍ വ്യക്തമാവും. ഈ രാസവസ്തുക്കള്‍ എങ്ങനെ മണ്ണിലും കുടിവെള്ളത്തിലും കലര്‍ന്നുവെന്നതാണ് ആദ്യം പരിശോധിക്കുക.
പരിശോധനാഫലം വന്നിട്ടുള്ള മണ്ണിന്റെ സാമ്പിളെടുത്തിരിക്കുന്നത് കനത്ത മഴയുള്ളപ്പോഴാണ്. അതിനാല്‍തന്നെ പരിശോധനാഫലത്തില്‍ വ്യക്തത കുറവായിരിക്കുമെന്നു സമരസമിതി ആശങ്ക പ്രകടിപ്പിക്കുന്നു. വേനല്‍ക്കാലത്തും മഴക്കാലത്തും മണ്ണില്‍നിന്നു സാമ്പിളുകള്‍ എടുത്തു പരിശോധിച്ചു കൃത്യത ഉറപ്പാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വീണ്ടും സമരരംഗത്തേക്ക്
കാട്ടൂര്‍: പ്രശ്നപരിഹാരം കാണുമെന്ന മന്ത്രിയുള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ പാഴായ സാഹചര്യത്തില്‍ പരാതിക്കിടയാക്കുന്ന യൂണിറ്റുകൾ പൂട്ടണമെന്നാവശ്യപ്പെട്ട് കുടിവെള്ളസംരക്ഷണസമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്.
ഇന്നലെ രാത്രി വാദ്യക്കുടം ക്ഷേത്രത്തില്‍ നടന്ന ജനകീയസമിതി യോഗത്തില്‍ സിപിഎം ഒഴികെയുള്ള വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുത്തു. കുടിവെള്ള സംരക്ഷണസമിതി പ്രസിഡന്റ് അരുണ്‍ വന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു.
മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് യോഗതീരുമാനം.
ബിജെപി കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് കെ.കെ. ഷെറിന്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജയ്ഹിന്ദ് രാജ്, കേരള കോണ്‍ഗ്രസ് പ്രതിനിധി കെ. സതീഷ്, സമരസമിതി ട്രഷറര്‍ ജോയ് തോമസ്, പഞ്ചായത്തംഗം മോളി പിയൂസ് എന്നിവര്‍ നേ തൃത്വം നല്കി.
ജനവാസമേഖലയില്‍ രാസവസ്തുക്കളുപയോഗിച്ചുള്ള വ്യവസായ യൂണിറ്റുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നു വാര്‍ഡ് അംഗം മോളി പിയൂസ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യപ്രശ്നം അവഗണിച്ച് വ്യവസായ യൂണിറ്റുകള്ക്കൊപ്പമാണ് അധികൃതര്‍ നില്‍ക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.