പാലസ് ഗ്രൗണ്ട് സ്വകാര്യ ക്ലബ്ബിനു നൽകുന്നതിനെതിരേ രാജൻ പല്ലൻ
1598150
Thursday, October 9, 2025 1:25 AM IST
തൃശൂർ: പാലസ് ഗ്രൗണ്ട് അഞ്ചുവർഷത്തേക്കു സ്വകാര്യ ക്ലബ്ബിനു വിട്ടുനൽകാനുള്ള തീരുമാനത്തെ സർവകക്ഷിയോഗത്തിൽ എതിർത്ത് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ.
പാലസ് ഗ്രൗണ്ട് തുടർച്ചയായി ഒരു മാസത്തിൽ കൂടുതൽ ആർക്കും അനുവദിക്കരുതെന്നു കൗണ്‍സിൽ അംഗീകരിച്ച ബൈലോയിൽ പറയുന്നു. ഈ നിയമം നിലനിൽക്കുന്പോൾ മാജിക് എഫ്സി ക്ലബ്ബിന് ഗ്രൗണ്ട് അഞ്ചുവർഷത്തേക്ക് എങ്ങനെ നൽകാനാകുമെന്നു രാജൻ പല്ലൻ ചോദിച്ചു.
ഗ്രൗണ്ട് അറ്റകുറ്റപ്പണികൾക്കുമാത്രമാണ് മാജിക് എഫ്സി ക്ലബ്ബിനു കൊടുക്കുന്നതെന്നു മേയർ വിശദീകരിച്ചെങ്കിലും, ബന്ധപ്പെട്ട കരാർ ഉടന്പടിക്കു പ്രത്യേകം കൗണ്‍സിലിന്റെ അംഗീകാരം വാങ്ങണമെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കൗണ്‍സിൽ ഹാളിൽ നടത്തേണ്ട സർവകക്ഷിയോഗം മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ മേയറുടെ ചേംബറിലേക്കു മാറ്റിയത് അംഗീകരിക്കാനാകില്ലെന്നും രാജൻ പല്ലൻ പറഞ്ഞു.