കൊരട്ടിമുത്തിയുടെ തിരുനാൾ കൊടിയേറി
1598146
Thursday, October 9, 2025 1:25 AM IST
കൊരട്ടി: സുപ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിനു കൊടിയേറി.
ഇന്നലെ വൈകീട്ട് നാലിനു നടന്ന ജപമാലയ്ക്കും ലദീഞ്ഞിനും ശേഷം ആത്മീചൈതന്യം മുറ്റിയ പള്ളിയങ്കണത്തിൽ തൊഴുകൈകളോടെ പ്രാർഥനാനിരതരായിനിന്ന നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണു വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റിയത്.
തുടർന്ന് പ്രദക്ഷിണമായ വിശ്വാസികൾ ടൗൺ കപ്പേളയിലെത്തി. 5.30ന് ടൗൺ കപ്പേളയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജെസ്ലിൻ തെറ്റയിൽ കാർമികനായി. ഫാ. ജോൺസൺ കൂവേലി വചന സന്ദേശം നൽകി. തുടർന്ന് കാവടിയാട്ടവും വർണമഴയും ഉണ്ടായിരുന്നു. രാത്രി പത്തുവരെ വനിതകളുടെ ശിങ്കാരിമേളവും അരങ്ങേറി.
പതിവുപോലെ ഈ വർഷവും കൊരട്ടി മർച്ചന്റ്സ് അസോസിയേഷനാണ് കപ്പേള തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ഇന്നു വൈകീട്ട് 6.30ന് വൈഗ ത്രെഡ്സ് ഗ്രൗണ്ടിൽ തൃശൂർ കലാസദന്റെ സൂപ്പർ ഹിറ്റ് ഗാനമേളയും ലൈവ് മ്യൂസിക് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്.
കൊടിയേറ്റിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, മുൻ എംഎൽഎ ബി.ഡി. ദേവസി, ഡെന്നിസ് കെ. ആന്റണി, കെ.ആർ. സുമേഷ് തുടങ്ങിയവർ സന്നിഹിതരായി.
അസിസ്റ്റന്റ് വികാരിമാരായ ഫാ. അരുൺ തേരുളി, ഫാ. ലിജോ കുരിയേടൻ, ഫാ. ജോമോൻ കൈപ്രമ്പാടൻ, ഫാ. ജിബിൻ എടത്തിപ്പറമ്പൻ, കൈക്കാരന്മാരായ വി.ഡി. ജൂലി യസ്, ജോമോൻ ജോസ്, തിരുനാൾ ജനറൽ കൺവീനർ ജിഷോ ജോസ്, സുനിൽ ജോസ് ഗോപുരൻ, കേന്ദ്രസമിതി വൈസ്ചെയർമാൻ ഡോ. ജോജോ നാൽപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
തിരുനാൾ തിരുക്കർമങ്ങൾ
ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം നടന്ന കഴിഞ്ഞ ഞായറാഴ്ച മുതൽ ഭക്തജനപ്രവാഹവും തുടങ്ങി. 11, 12 തീയതികളിലാണു തിരുനാൾ. ഇന്ന് റോസറി വില്ലേജ് ഡേ ആയി ആഘോഷിക്കും. വൈകീട്ട് അഞ്ചിന് റോസറി വില്ലേജിൽ നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ഡിന്റോ മാണിക്കത്താൻ നേതൃത്വം നൽകും. 10ന് വൈകീട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്ന് ഇടവക ജനങ്ങളുടെ പൂവൻകുല സമർപ്പണം. ഫാ. ജെറിൻ കിളിയന്തറ കാർമികനാകും.
11ന് രാവിലെ 5.30 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം പൂവൻകായ വെഞ്ചരിപ്പ്. ഏഴിന് ഫാ. ലൂക്കോസ് കുന്നത്തൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നാെവേനയും. ഒന്പതിന് ഫാ. ജോസഫ് ഓലിപ്പറമ്പിൽ ലെത്തീൻ റീത്തിൽ ദിവ്യബലി അർപ്പിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഇടവക വൈദികർ നേതൃ ത്വം നൽകും. ഉച്ചയ്ക്ക് 1.30 ന് ഫാ. മാർട്ടിൻ കല്ലുങ്കൽ ഇംഗ്ലീ ഷിൽ വിശുദ്ധ കുർബാന അർപ്പിക്കും. മൂന്നിന് ഫാ. പോൾ സൺ പെരേപ്പാടന്റെ കാർമികത്വത്തിൽ സുറിയാനി കുർ ബാന. അഞ്ചിന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാ നയ്ക്ക് ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ കാർമികനാകും. 8.30 നും ദിവ്യബലി ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ 12ന് രാവിലെ അഞ്ചിനു വർഷത്തിൽ ഒരു ദിവസം മാത്രം വണക്കത്തിനായി മദ്ബഹയിൽ നിന്നും കൂടുതുറന്ന് പുറത്തേക്ക് എടുക്കുന്ന അദ്ഭുതരൂപം എഴുന്നള്ളിച്ചു വയ് ക്കും. വികാരി ഫാ. ജോൺസൺ കക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ഏഴിനും 8.30നും നടക്കുന്ന ദിവ്യബലികൾക്ക് യഥാക്രമം ഫാ. ജിൻസ് ഞാണയ്ക്കലും ഫാ. റോമൽ കണിയാംപറമ്പിലും നേതൃത്വം നൽകും.
10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിപിൻ വേരൻപിലാവ് കാർമികനാകും. ഉച്ചക്ക് 1.30 ന് തമിഴിൽ വിശുദ്ധ കുർബാന. 2.30 ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയെത്തുടർന്ന് നാല് അങ്ങാടിചുറ്റി പ്രദക്ഷിണം. 4.30നും 7.30നും 9.30 നും വിശുദ്ധ കുർബാന. 11.30ന് അത്ഭുത രൂപം അകത്തേയ്ക്കു കയറ്റിവയ്ക്കും. 18, 19 തീയതികളിൽ എട്ടാമിടവും 25, 26 ന് പതിനഞ്ചാമിടവും ആഘോഷിക്കും.