പുറമ്പോക്കുഭൂമിക്കു നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന്
1598711
Saturday, October 11, 2025 12:49 AM IST
ഒല്ലൂര്‍: സെന്റർ വികസനത്തിനുവേണ്ടി ഭൂമി എറ്റെടുക്കുമ്പോള്‍ പുറമ്പോക്കുഭൂമിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ആന്റി കറപ്ഷന്‍ പിപ്പിള്‍സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ബാബു പുത്തനങ്ങാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2014 ല്‍ എം.എസ്. ജയ ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോള്‍ ഒല്ലൂര്‍ സെന്റര്‍ അളന്ന് പുറമ്പോക്ക് തിരിച്ചെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി നടപടി തടസപ്പെടുത്തിയത്. പിന്നീട് 2024 ഡിസംബറില്‍ 19 ലെ ഹൈക്കോടതിവിധി പ്രകാരം ചീരാച്ചി മുതല്‍ തലോര്വരെയുള്ള കെെയേറ്റങ്ങള്‍ പൊളിക്കാന്‍ നിര്‍ദേശംനല്‍കി.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതു നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുകയാണെന്ന് ബാബു ആരോപിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് ഉദ്ദേശ്യം. ജനങ്ങളുടെ നികുതിപ്പണം അര്ഹതയില്ലാത്തവര്ക്കു നല്‍കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും ബാബു പുത്തനങ്ങാടി പറഞ്ഞു.
വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒഴിപ്പിക്കാനുള്ള നിക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അജിത് ബാബു ആരോപിച്ചു. നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കാതെ, മാന്യമായ നഷ്ടപരിഹാരം വാഗ്ദാനംചെയ്ത്, അവസാനത്തെ കുടിക്കാഴ്ചയില്‍ ഒരുലക്ഷം രൂപമാത്രം അനുവദിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. വ്യാപാരികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മൗനംപാലിക്കുന്നതിനെതിരേ ശക്തമായ സമരപരിപാടികളുമായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ രംഗത്തുവരുമെന്നും അറിയിച്ചു.